മലയിൻകീഴ് : കരിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയിൻകീഴ് മഞ്ചാടി സൗപർണികയിൽ രാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണന്റെ (20) ഹൃദയവാൽവുകൾ ഇനി രണ്ടു കുട്ടികൾക്ക് പുതുജീവനേകും.ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ബൈക്കിൽ പോവുകയായിരുന്ന യദുകൃഷ്ണനെ കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ചത്. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനിടെ മരണപ്പെട്ടു.
സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യദുകൃഷ്ണന്റെ ഹൃദയ വാൽവുകൾ രണ്ടു കുട്ടികൾക്ക് ദാനം ചെയ്യാൻ തയ്യാറാണോയെന്ന് ബന്ധുക്കളോട് ഡോക്ടർമാർ ചോദിച്ചത്. യദുകൃഷ്ണന്റെ പിതാവ് രാധാകൃഷ്ണൻ സമ്മതം മൂളുകയായിരുന്നു.
രണ്ട് പേർക്ക് പുതുജീവൻ നൽകാനാകുമെങ്കിൽ അത് പുണ്യമായി കാണുന്നുവെന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. നടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശാന്തികവാടത്തിൽ സംസ്കരിച്ചു. മരണാനന്തരച്ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30 ന്.