ജയിൽ വകുപ്പിൽ, കാറ്റഗറി നമ്പർ 456/2016 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, കാറ്റഗറി നമ്പർ 457/2016 വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടിയവരിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് 26 മുതൽ ഡിസംബർ 4 വരെ എറണാകുളം, ചോറ്റാനിക്കര, ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് 27 മുതൽ ഡിസംബർ 11 വരെ കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽവച്ചും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുളളവർക്ക് ഡിസംബർ 3 മുതൽ 20 വരെ കോഴിക്കോട്, ദേവഗിരി, സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്, കോഴിക്കോട്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും വച്ച് കായികക്ഷമതാ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 5.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.
അഭിമുഖം
കൊല്ലം, തൃശൂർ ജില്ലകളിൽ, ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 310/2018 പ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് 27 എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ, ഗ്രാമവികസന വകുപ്പിൽ, കാറ്റഗറി നമ്പർ 276/2018 പ്രകാരം വിജ്ഞാപനം ചെയ്ത, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 30 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 78/2018 പ്രകാരം തസ്തികമാറ്റം വഴി ലാബ് അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും, നിലവിൽ ലാബ് അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനായും നടത്തിയ അർഹതാനിർണയ പരീക്ഷയുടെയും തുടർന്ന് നടത്തിയ പ്രമാണ പരിശോധനയുടെയും അടിസ്ഥാനത്തിൽ അർഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.