ആര്യനാട് : ആര്യനാട് പഞ്ചായത്തിലെ ഇരിഞ്ചൽ സി.എസ്.ഐ ചർച്ചിന് സമീപം ടവർ സ്ഥാപിക്കാനുള്ള സ്വകാര്യ മൊബൈൽ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസറുദീൻ, പഞ്ചായത്തംഗം അസിം, ശിവജിപുരം ഭുവനേന്ദ്രൻ, റിട്ട.അദ്ധ്യാപകൻ ഐ.ആർ.സാം എന്നിവർ സംസാരിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ ടവർ നിർമ്മാണം നിറുത്തിവച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.