കിളിമാനൂർ:ആടൊരു ഭീകര ജീവിയല്ല, എന്നാൽ പന്നി ഇന്നൊരു ഭീകര ജീവിയാണ്. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കാട് വിട്ട് നാട്ടിലെത്തിയവരാണ് ഈ പന്നികളിൽ അധികവും.അവരിന്ന് നാട്ടിൽ നന്നായങ്ങ് വിലസുന്നുവെന്ന് വേണം പറയാൻ. ചുമ്മാതങ്ങ് ജീവിക്കുകയല്ല.ആസ്വദിച്ച് ജീവിക്കുന്നുവെന്ന് വേണം പറയാൻ. കാട്ടിലാണെങ്കിൽ മറ്റ് ഇരപിടിയന്മാരെ പേടിക്കണം.ആഹാരത്തിന് മുട്ടും വരും.എന്നാൽ നാട്ടിലോ ഈ പേടികളൊന്നും വേണ്ട. നാട്ടുകാർ ഇഷ്ടവിഭവങ്ങളായ കപ്പയും ചേനയും പച്ചക്കറികളുമെല്ലാം കൃഷിചെയ്തിട്ടിരിക്കുന്നുണ്ട്.ഓരോ ദിവസവും വിവിധ മെനു അനുസരിച്ച് ഭക്ഷണം റെഡി.വിശക്കുമ്പോൾ ആരുടെയെങ്കിലും കൃഷിയിടത്തിലേക്ക് കടന്നാൽ പിന്നെ കുശാലായി. ആക്രമിക്കുമെന്ന പേടി വേണ്ടേ വേണ്ട.അതിന് ഫോറസ്റ്റിന്റെ വക പന്നിക്കുട്ടന്മാർക്ക് ചൂടി പ്രൊട്ടക്ഷൻ. കൃഷിനശിപ്പിച്ച ഇവറ്റകളെ ഇനി ഏതെങ്കിലും കൃഷിക്കാരൻ ആക്രമിച്ചാൽ അവൻ പിന്നെ അഴിയെണ്ണിയതുതന്നെ. ഇത്രയും പോരേ പന്നികൾക്ക് നാട്ടിൽ വിലസാൻ.

കാട്ടുമൃഗങ്ങളെന്ന പേരിൽ നാട്ടുമൃഗങ്ങളായി മാറിയ പന്നിയെയും വാനരപ്പടയെയുമൊക്കെ ഗതികേട് കൊണ്ട് വടി കൊണ്ട് തല്ലിയാൽ പോലും ജാമ്യമില്ലാത്ത വകുപ്പിൽ അകത്താക്കുന്നതുന്നതിന്റെ ഔചിത്യമാണ് മനുഷ്യകുലത്തിലെ ഭാഗ്യഹീനരുടെ ചോദ്യം. കാടുകൾ വെട്ടിത്തെളിച്ച് അക്കേഷ്യയും തേക്കുമൊക്കെ നട്ടതും കാലാവസ്ഥ വ്യതിയാനത്തിൽ കാട്ടരുവികൾ വറ്റിവരണ്ടതും ആവശ്യത്തിന് ഇരകരള കിട്ടാത്തതുമാണ് കാട്ടുപന്നികൾ നാട്ടിൻ പുറങ്ങളിലേക്ക് എത്താൻ കാരണം.