വെഞ്ഞാറമൂട്: രോഗിയുമായി വന്ന ആംബുലൻസ് മിനിലോറിയിലിടിച്ച് രോഗിക്കും ഭാര്യയ്ക്കും ഗുരുതര പരിക്ക്. കുര്യോട് വെട്ടുവഴി ഹസീന മൻസിലിൽ മുഹമ്മദ് ഷാ (37), ഭാര്യ ഹസീജ (32) എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ ആലന്തറ ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു അപകടം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു പോകുകയായിരുന്നു ആംബുലൻസ്‌. വൃക്ക സംബന്ധമായ അസുഖമാണ് മുഹമ്മദ് ഷായ്ക്ക്. പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞു കയറിയ മിനിലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ മറ്റൊരു ആംബുലൻസിൽ ആദ്യം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷായുടെ നെറ്രിക്കും ഭാര്യയ്ക്ക് വലതുകൈയ്ക്കുമാണ് പരിക്ക്. ആംബുലൻസ് ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.