തിരുവനന്തപുരം: പി.എസ്.സിയിലുള്ള ദൈവങ്ങൾ യോഗ നിദ്ര യിലാണെന്നും അതിൽ നിന്നും അവരെ വിളിച്ചുണർത്താൻ വേണ്ടിയാണ് വിളക്കേന്തി സമരം ചെയ്യുന്നതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പട്ടം പി.എസ്.സി ഓഫീസിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ വിളക്കേന്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളമില്ലെങ്കിൽ കേരള പി.എസ്.സി നിലനിൽക്കില്ലെന്നും മലയാളത്തിനായി പി.എസ്.സിയോട് കെഞ്ചേണ്ടിവരുന്ന അവസ്ഥ മലയാളിയുടെ നാണക്കേടിന്റെ പാരമ്യമാണെന്നും അടൂർ പറഞ്ഞു.
കെ.എ.എസ് ഉൾപ്പെടെയുള്ള പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിലും ചോദ്യപേപ്പർ നൽകണമെന്നും ഇപ്പോൾ പുറത്തിറക്കിയ കെ.എ.എസ് വിജ്ഞാപനം പി.എസ്.സി തിരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ പട്ടം ഗേൾസ് ഹൈസ്‌കൂളിന് മുന്നിൽ നിന്നും 21 റാന്തൽ വിളക്കുകൾ കൊളുത്തി ആരംഭിച്ച പ്രകടനം പട്ടം പി.എസ്.സി ഓഫീസിന് മുന്നിൽ സമ്മേളിച്ചു. അടൂർ ഗോപാലകൃഷ്ണനും ജോർജ് ഓണക്കൂറും പ്രകടനത്തിന് നേതൃത്വം നൽകി. പി.എസ്.സി ആസ്ഥാനത്തെ ധർണ വൈകുന്നേരം വരെ തുടർന്നു.
വി.എൻ. മുരളി അദ്ധ്യക്ഷനായി. ബി. രമേഷ്, എ.ജി. ഒലീന, വിനോദ് വൈശാഖി, ജയചന്ദ്രൻ കല്ലിംഗൽ, ബി.എസ്. വരദൻ, പി. വേണുഗോപാൽ, പി. പവിത്രൻ, കെ.എം. ഭരതൻ തുടങ്ങിയവർ സംസാരിച്ചു.