തിരുവനന്തപുരം : ലൈഫ് ഭവനപദ്ധതിയിൽ ഓരോ വാർഡിൽ നിന്നും ഉൾപ്പെടുത്തേണ്ട ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കൗൺസിൽ ഹാളിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിലവിൽ ഏഴുപേരെ മാത്രമാണ് ഉൾപ്പെടുത്താൻ അനുമതിയുള്ളത്. അത് വർദ്ധിപ്പിക്കാനായി പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പട്ട് ബി.ജെ.പി കൗൺസിലർമാർ കത്ത് നൽകിയതിനെ തുടർന്നാണ് ഇന്നലെ യോഗം ചേർന്നത്. യോഗത്തിൽ തീരുമാനമാകാത്തതിനാലാണ് കൗൺസിലർമാർ വൈകിട്ട് 6 ഒാടെ പ്രതിഷേധം ആരംഭിച്ചത്. മേയറുമായി നടത്തിയ ചർച്ചയെ തുടർന്ന് രാത്രി 9.30തോടെ സമരം അവസാനിച്ചു. കൗൺസിലിന്റെ തുടക്കം മുതൽ പരസ്‌പരം വാഗ്വാദങ്ങളായിരുന്നു. ഒരു വാർഡിൽ ഏഴുപേർക്ക് മാത്രം വീട് നൽകി പദ്ധതി അവസാനിപ്പിക്കാനാകില്ലെന്ന് ബി.ജെ.പിയിലെ എം.ആർ.ഗോപൻ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് വീണ്ടും സർട്ടിഫിക്കറ്റ് പരിശോധന നടത്തി ജനങ്ങളെ പറ്റിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും യു.ഡി.എഫ് കക്ഷി നേതാവ് അനിൽകുമാർ പറഞ്ഞു. തുടർന്ന് പാളയം രാജൻ, കരമന അജിത്ത്, ബീമാപള്ളി റഷീദ്, സോളമൻ വെട്ടുകാട്, തിരുമല അനിൽ, ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചപ്പോഴെല്ലാം പരസ്പരം വാക്കേറ്റമായി. ആക്കുളം കായലിൽ പോയി പദ്ധതിക്ക് സ്ഥലം നോക്കിയെന്ന ജോൺസൺ ജോസഫിന്റെ ആരോപണത്തിനെതിരെ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും രംഗത്തെത്തി. വഞ്ചിയൂർ ബാബുവിന്റെയും രാഖി രവികുമാറിന്റെയും കൗൺസിലിലെ പെരുമാറ്റം ശരിയായില്ലെന്നും അത് തിരുത്തണമെന്നും യു,ഡി.എഫ് അംഗം വി.ആർ.സിനിയും ആവശ്യപ്പെട്ടു. കൂടുതൽ ആൾക്കാരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ അടുത്ത ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ സർക്കാരിനോട് അനുമതി തേടുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. ഇതിന് എല്ലാ കൗൺസിലർമാരുടെയും സഹകരണം വേണമെന്നും മേയർ ആവശ്യപ്പെട്ടു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ബി.ജെ.പി അംഗങ്ങൾ സമരം തുടങ്ങുകയായിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കളുമായി മേയർ ആദ്യം ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. രാത്രി ഒമ്പതോടെ വീണ്ടും ചർച്ച നടത്തിയതിനെ തുടർന്ന് ഇന്ന് സർവകക്ഷി യോഗം വിളിക്കാമെന്നും നഗരസഭയുടെ സാമ്പത്തിക സ്ഥിതി നോക്കി പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കാമെന്നും മേയർ അറിയിച്ചു. ചർച്ചയിൽ 15 ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് തിരുമല അനിൽ പറഞ്ഞു. ഇതേ തുടർന്ന് സമരം അവസാനിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് യോഗം.