തിരുവനന്തപുരം: ഒന്നരമാസം മുൻപ് ബാർട്ടൻഹിൽ ലാകോളേജിൽ നടന്ന സംഭവത്തെത്തുടർന്ന് സസ്‌പെൻഷനിലായ കെ.എസ്.യു വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്തുന്ന കെ.എസ്.യു യൂണിറ്റ് സെക്രട്ടറി എബിൻ ആൽബർട്ടിനെ കാണാനെത്തിയ പ്രവർത്തകരെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ തടഞ്ഞു. ചിറയിൻകീഴിൽ നിന്നും വന്ന കെ.എസ്.യു പ്രവർത്തകരെയാണ് കോളേജ് ഗേറ്റിൽ തടഞ്ഞത്. സംഭവമറിഞ്ഞ് മ്യൂസിയം പൊലീസെത്തിയാണ് ഇവരെ കടത്തിവിട്ടത്.
വിദ്യാർത്ഥികളുടെ സസ്‌പെഷൻ പിൻവലിക്കണമെന്ന ആവശ്യത്തെത്തുടർന്ന് ഇന്നലെ ഹിയറിംഗ് നടന്നെങ്കിലും നടപടി പിൻവലിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. തുടർന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഇന്ന് നടക്കുന്ന പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ തീരുമാനിക്കാമെന്ന ഉറപ്പിനെ തുടർന്ന് ഉപരോധം വൈകിട്ടോടെ അവസാനിപ്പിക്കുകയായിരുന്നു.