തിരുവനന്തപുരം: ജില്ലാകലോത്സവത്തിലെ അപ്പീൽ നിരസിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഡി.ഡി.ഇ ഓഫീസിൽ ബഹളത്തിനിടയാക്കി. അപ്പീൽ നിരസിച്ചവർക്ക് ലോകായുക്തയെ സമീപിക്കാൻ വിധിനിർണയത്തിന്റെ ടാബുലേഷൻ ഷീറ്റ് വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയതും എന്നാൽ ലോകായുക്ത ആവശ്യപ്പെട്ടാലല്ലാതെ നൽകാനാവില്ലെന്ന് അധികൃതർ നിലപാടെടുത്തതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. മൂന്ന് ജഡ്ജുമാരും നൽകിയ മാർക്കുകൾ കൂട്ടിത്തയ്യാറാക്കുന്നതാണ് ടാബുലേഷൻ ഷീറ്റ്. ജില്ലാതലത്തിൽ അപ്പീൽ നിരസിച്ചാൽ ലോകായുക്തയെ സമീപിക്കണമെങ്കിൽ ടാബുലേഷൻ ഷീറ്റ് അനിവാര്യമാണെന്നായിരുന്നു രക്ഷിതാക്കളുടെ വാദം. മറ്റ് ജില്ലകളിൽ ടാബുലേഷൻ ഷീറ്റ് നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. വാദപ്രതിവാദങ്ങൾ അധികൃതരെ ഉപരോധിക്കുന്നതിൽ വരെയെത്തി. വിവരാവകാശത്തിലൂടെയോ കോടതി ആവശ്യപ്പെടുകയോ ചെയ്യാതെ നൽകാനാവില്ലെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും നിലപാട്. ഒടുവിൽ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ടാബുലേഷൻ സർട്ടിഫിക്കറ്റില്ലാതെ ലോകായുക്തയെ സമീപിക്കാൻ രക്ഷിതാക്കൾ തീരുമാനിക്കുകയായിരുന്നു. അപ്പീൽ അനുവദിച്ചതും നിരസിച്ചതുമായി സാക്ഷ്യപത്രം എ.ഇ.ഒ ഓഫീസുകൾ വഴിയാണ് ഇക്കുറി വിതരണം ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡി.ഡി.ഇ ഓഫീസിൽ എത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായിരുന്നു ഈ ക്രമീകരണം. എന്നാൽ ഇതറിയാതെ നേരിട്ട് ഡി.ഡി.ഇ ഓഫീസിലെത്തിയവർ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് മടങ്ങി. ഇതിനിടെ അപ്പീൽ കമ്മിറ്റിയിൽ ജില്ലയിലെ ഒരു സ്‌കൂളിലെ പരിശീലകനും ഉണ്ടായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

.