തിരുവനന്തപുരം: നിലവിലെ ഭരണഘടന നിലനിൽക്കുന്നിടത്തോളം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാകില്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.

ലോകത്ത് ഐസിസ് പ്രവർത്തിക്കുന്നതു പോലെയാണ് ഇന്ത്യയിൽ ആർ.എസ്.എസും. മതഭ്രാന്ത് പ്രചരിപ്പിക്കുന്ന ആർ.എസ്.എസാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവെന്നും ഡി.വൈ.എഫ്.ഐ ചാല ബ്ലോക്ക് കമ്മിറ്റി പൂജപ്പുര സരസ്വതിമണ്ഡപത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഒരു നാണവുമില്ലാതെയുള്ള ജനാധിപത്യത്തിന്റെ കശാപ്പാണ് മഹാരാഷ്ട്രയിലുണ്ടാവുന്നത്. ന്യൂനപക്ഷസർക്കാരിനെ അധികാരത്തിലേറ്റാൻ രാഷ്ട്രപതിയും ഗവർണറും കേന്ദ്രസർക്കാരും ഭരണഘടനാബാദ്ധ്യതകൾ ബലികഴിച്ചു. എല്ലാം കോർപറേറ്റുകളെയും മോദിസർക്കാർ സ്വകാര്യവത്കരിക്കുന്നു. കോർപറേറ്റുകളുടെ സമ്പത്ത് വളരുമ്പോൾ പാവപ്പെട്ടവരുടെ തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്.

സംഘപരിവാറിന്

വെല്ലുവിളി

ഗാന്ധിജയന്തി ദിനത്തിൽ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും പ്രസംഗം തടയുകയും ചെയ്ത സംഘപരിവാറിനെ അതേ വേദിയിൽ വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്.

ഒക്ടോബർ രണ്ടിന് പാരമ്പര്യവൈദ്യന്മാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് അഗ്നിവേശിന് നേരെ ആക്രമണമുണ്ടായത്. ഒന്നര മാസത്തിന് ശേഷം അതേവേദിയിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പ്രസംഗം തടസപ്പെടുത്താൻ അഗ്നിവേശ് സംഘപരിവാറിനെ വെല്ലുവിളിച്ചു. അക്രമം നടത്തുന്ന ഹിന്ദു മതഭ്രാന്തന്മാർ ഹിന്ദുമതത്തെയാണ് അവഹേളിക്കുന്നത്. അവരുടെ അക്രമത്തിന് അതേ നാണയത്തിൽ മറുപടി നൽകുന്നില്ലെന്നും അഗ്നിവേശ് പറഞ്ഞു. ഡി.വൈ.എഫ.ഐ നേതാക്കളായ ടി.ജെ. മനോജ്, ഉണ്ണി എന്നിവരും സംസാരിച്ചു.