തിരുവനന്തപുരം : ഒടുവിൽ പ്ളാസ്റ്റിക്കിനെ പൂട്ടാൻ തന്നെ തീരുമാനിച്ചു. പ്രകൃതിക്കും മാനവരാശിക്കും വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന പ്ളാസ്റ്റിക് എന്ന വില്ലനെ മെരുക്കാൻ ഔദ്യോഗിക തലത്തിൽ തീരുമാനമായതോടെ പ്രവർത്തനവും ശക്തിയാർജിച്ചു.ഇതിന്റെ മുന്നോടിയായി നഗരത്തിലെ എല്ലാ സ്ക്കൂളുകളിലും മാസത്തിലെ അവസാന ശനിയാഴ്‌ച ജനകീയപങ്കാളിത്തത്തോടെ ശുചീകരണം നടത്താൻ മേയർ നിർദേശം നൽകി. വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ മേയർ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും, നഗരത്തിലെ സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടെയും, പി.ടി.എ പ്രസിഡന്റുമാരുടെയും, നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായി പ്രത്യേക കർമ്മപദ്ധതിക്കും രൂപം നൽകി. ഡെപ്യൂട്ടിമേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.സുദർശനൻ, വഞ്ചിയൂർ പി. ബാബു, എസ്.എസ്.സിന്ധു, എസ്.പുഷ്‌പലത, പാളയം രാജൻ, കക്ഷിനേതാക്കളായ എം.ആർ.ഗോപൻ, ബീമാപള്ളി റഷീദ്, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, ഹെൽത്ത് ഓഫീസർ എസ്.പ്രകാശ്, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. 26 മുതൽ 30 വരെയുളള പരിപാടികളുടെ ഷെഡ്യൂളും പ്രസിദ്ധീകരിച്ചു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 400ൽലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഭക്ഷണം പൊതികളിൽ എത്തിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തും.

കുട്ടികൾ ഭക്ഷണവും വെള്ളവും സ്റ്റീൽ പാത്രങ്ങളിലും കുപ്പികളിലുമാണ് കൊണ്ടുവരുന്നതെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം. സ്ക്കൂളും പരിസരവും വൃത്തിഹീനമല്ലെന്ന് ബന്ധപ്പെട്ട സർക്കിൾ ഹെൽത്ത് ഇൻസ്‌‌പെക്ടമാർ ഉറപ്പാക്കണമെന്നും മേയർ നിർദേശിച്ചു.

മാറ്റം അനിവാര്യം

സ്കൂളുകളിൽ പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. കുട്ടികൾ കുടിവെള്ളം കൊണ്ട് വരുന്ന കാരിയറുകൾ പലപ്പോഴും പ്ളാസ്റ്റിക് കുപ്പികളും ലഘുഭക്ഷണത്തിനായി കൊണ്ടുവരുന്ന ടിഫിൻ ബോക്സുകളും പ്ളാസ്റ്റ് ഉത്പന്നങ്ങളായിരിക്കും..ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.ഈ പ്രവണതയ്ക്കാണ് മാറ്റമുണ്ടാകേണ്ടത്.

മറ്റ് പ്രധാന നിർദേശങ്ങൾ

സ്ക്കൂളുകളിൽ മാലിന്യം തരംതിരിച്ച് മാറ്റി സംസ്കരിക്കണം

ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സൗകര്യം സ്ക്കൂളുകളിൽ ഉറപ്പാക്കണം

മാലിന്യങ്ങൾ ഒരുതരത്തിലും കത്തിക്കാൻ പാടില്ല

ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം,

ഇവ സ്ക്കൂൾ മേധാവി ഉറപ്പാക്കണം