sivasena-

മുംബയ് : മഹാരാഷ്ട്രയിൽ ദേവന്ദ്ര ഫട്നാവിസ് സർക്കാർ വിശ്വാസ വോട്ട് തേടേണ്ടത് എന്നെന്ന് സുപ്രീംകോടതി ഇന്നു രാവിലെ 10.30ന് വിധിപറയാനിരിക്കെ, 162 എം.എൽ.എമാരെ ഇന്നലെ രാത്രി മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അണിനിരത്തി ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം ഭൂരിപക്ഷം തങ്ങൾക്കാണെന്ന് പ്രഖ്യാപിച്ചു.

മൂന്ന് പാർട്ടികളുടെയും ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് 162 എം.എൽ.എമാരെ എത്തിച്ചുള്ള ശക്തിപ്രകടനം നടന്നത്. ത്രികക്ഷി സഖ്യം നീണാൾ വാഴട്ടെ എന്ന മുദിവാക്യം ഹാളിലാകെ മുഴങ്ങിക്കൊണ്ടിരുന്നു. 'ഞങ്ങളുടെ നേതാക്കൾക്ക് കീഴിൽ സത്യസന്ധരായി പ്രവർത്തിക്കും. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ല" എന്ന് എല്ലാവരും പ്രതിജ്ഞയുമെടുത്തു.

എൻ.സി.പിയുടെ 54 എം.എൽ.എമാരിൽ 51 പേരും 56 ശിവസേനയുടെ അംഗങ്ങളും കോൺഗ്രസിന്റെ 44 പേരും 11 സ്വതന്ത്രരും (ആകെ 162) അണിനിരന്നതായി നേതാക്കൾ അവകാശപ്പെട്ടു.

സേനാനേതാക്കളായ ഉദ്ധവ് താക്കറെ മകൻ ആദിത്യ, എൻ.സി.പി നേതാവ് ശരദ് പവാർ, മകൾ സുപ്രിയ സുലെ, കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പിയെയും ഗവർണറെയും വെല്ലുവിളിച്ചുള്ള ശക്തിപ്രകടനം.

'ഗോവയിൽ ബി.ജെ.പി ഇറക്കിയ കളി മഹാരാഷ്ട്രയിൽ ചെലവാവില്ല." ശരദ് പവാർ

'സത്യം ജയിക്കാനാണ് പോരാട്ടം. തകർക്കാൻ ശ്രമിച്ചാൽ ഞങ്ങൾ കൂടുതൽ ഒരുമിക്കും. ഉദ്ധവ് താക്കറെ. "

'ഗവർണർ, നേരിട്ടുവന്നാൽ താങ്കൾക്ക് ഞങ്ങളുടെ എം.എൽ.എമാരെ എണ്ണിനോക്കാം. സഞ്ജയ് റാവുത്ത്.

ഗവർണർക്ക് വീണ്ടും കത്ത്

162 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ത്രികക്ഷി സഖ്യ നേതാക്കൾ ഇന്നലെ രാവിലെ മഹാരാഷ്ട്ര ഗവർണർ ഭഗത്‌സിംഗ് കോഷിയാരിക്ക് കത്ത് നൽകി. ശിവസേന 56, കോൺഗ്രസ് 44, എൻ.സി.പി 51, സമാജ്‌വാദി പാർട്ടി 3, 8 സ്വതന്ത്രർ എന്നാണ് പിന്തണക്കത്തിൽ കാണിച്ചിരുന്നത്. എല്ലാവരുടെ ഒപ്പുമുണ്ടായിരുന്നു. എൻ.സി.പിയുടെ അജിത് പവാർ, അന്ന ബസ്നോദ്, നർഹരി സിർവൽ എന്നിവരുടെ പേരുകൾ മാത്രമാണ് കത്തിൽ ഇല്ലാതിരുന്നത്.