പാറശാല: എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാത്തതിന് ധനുവച്ചപുരം ഐ.ടി.ഐയിലെ വിദ്യാർത്ഥികളെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. ആറോളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒന്നാംവർഷ വിദ്യാർത്ഥികളായ ഷാൻ (18), അരവിന്ദ് (18) എന്നിവരെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐ ധനുവച്ചപുരത്ത് പ്രതിഷേധ മാർച്ച് നടത്തിയത്. മർദ്ദിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.