ശബരിമല: ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ തീർത്ഥാടകരുടെ മുകളിലേക്ക് വൻമരം ഒടിഞ്ഞുവീണ് മൂന്നര വയസുകാരി ഉൾപ്പെടെ 13 അയ്യപ്പ ഭക്തന്മാർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരം. ഏഴുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30 ഓടെ മരക്കൂട്ടത്തിന് സമീപമായിരുന്നു അപകടം.
കേരളത്തിന് പുറമെ ആന്ധ്രാ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കാണ് പരിക്കേറ്റത്. രാത്രി അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും പെട്ട് വൻമരം ഒടിഞ്ഞുവീഴുകയായിരുന്നു. ചിറ്റാർ പുലിക്കൂട്ടുങ്കൽ അഭിരാമി (മൂന്നര), പിതാവ് അനിൽ കുമാർ (35), അമ്മൂമ്മ ശാന്തമ്മ (65), മലപ്പുറം തിരൂർ സ്വദേശി പ്രേമൻ (36), തെലുങ്കാന നൽഗണ്ഡ കോട്ട ശ്രീനിവാസ് (50), ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ കെ.എം.സതീഷ് (34), രാമേശ്വർ റാവു (43), രവി (30), ഗുരുപ്രസാദ് (35), തമിഴ്നാട് മേട്ടൂർ സ്ട്രീറ്റ് രഘുപതി (40), തമിഴ്നാട് തിരുവള്ളുവർ സ്വദേശികളായ കുമാർ (49), രുദ്രമൂർത്തി (5), വടിവേൽ (49) എന്നിവർക്കാണ് പരിക്കേറ്റത്.
അനിൽ, ശാന്തമ്മ, അഭിരാമി, ശ്രീനിവാസ്, കെ.എം.സതീഷ്, രാമേശ്വർ റാവു, രവി എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്നര വയസുകാരി ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവരെ മരക്കൂട്ടത്തുനിന്ന് ഡോളിയിലും സ്ട്രച്ചറുകളിലുമായി പൊലീസും ഫയർ ഫോഴ്സ്, ആർ.എ.എഫും ചേർന്നാണ് പമ്പയിലെയും നീലമലയിലെയും ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്. ചന്ദ്രാനന്ദൻ റോഡിലേക്ക് ഒടിഞ്ഞുവീണ വലിയമരം പൊലീസും ഫയർഫോഴ്സും ചേർന്ന് രാത്രി തന്നെ മുറിച്ചുമാറ്റി.