വെഞ്ഞാറമൂട്: കലാഭവൻമണിയെയും അദ്ദേഹത്തിന്റെ നാടൻ പാട്ടും ഇഷ്ടമില്ലാത്തവരായി ആരുമില്ല. പാട്ടിലൂടെയും മിമിക്രിയിലൂടെയും കുട്ടികളെയും മുതിർന്നവരെയും ഇത്രയേറെ രസിപ്പിച്ച ഒരു കലാകാരൻ മലയാളത്തിലില്ല എന്നതിൽ തർക്കവുമില്ല. കലാഭവൻ മണിയുടെ ശബ്ദത്തിൽ നാടൻ പാട്ടു പാടുന്ന സന്തോഷ് ബാബുവിനെ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. വിദ്യാലയം പ്രതിഭകളുമൊത്ത് എന്ന പരിപാടിയിൽ പിരപ്പൻകോട് ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സന്തോഷ് ബാബുവിനെ വീട്ടിലെത്തി ആദരിച്ചു. കലാഭവൻമണിയുടെ നാടൻ പാട്ടുകൾ പാടിയും മിമിക്രി കാട്ടിയും സന്തോഷ് ബാബു കുട്ടികളെ മനസ് കീഴടക്കുകയായിരുന്നു. കുട്ടികൾകൂടി ഒപ്പം ചേർന്നത്തോടെ വീട് ഉത്സവ പ്രതീതിയിലായി. കവി പിരപ്പൻകോട് അശോകൻ, ഏഷ്യാഡ് താരം ജയകുമാർ, ശാസ്ത്ര പ്രതിഭ ജഗദീശചന്ദ്ര പിഷാരടി എന്നിവരെയും കുരുന്നുകൾ വീട്ടിലെത്തി ആദരിച്ചു. എസ്.എം.സി ചെയർമാൻ എസ്. ഗിരീഷ്, ഹെഡ്മിസ്ട്രസ് സി.ഐ. സുഷമകുമാരി, ടി. ലീന, ബിനി, എൽ. പിള്ള, പ്രീതാ റോസ്, യദുകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.