നെയ്യാറ്റിൻകര: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഒന്നാംഘട്ടം പ്രാവച്ചമ്പലം വരെ ഒരു വർഷം കൊണ്ട് യു.ഡി.എഫ് പൂർത്തിയാക്കിയപ്പോൾ നാല് വർഷം കഴിഞ്ഞിട്ടും ബാക്കി പണി ചെയ്യാൻ ഈ സർക്കാരിന് കഴിയുന്നില്ലെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ കുറ്റപ്പെടുത്തി. അമരവിള - ഒറ്റശേഖരമംഗലം റോഡ് നിർമ്മാണത്തിലെ ഹൈടെക് അഴിമതിക്കെതിരെ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ നയിക്കുന്ന അഴിമതി വിരുദ്ധ സന്ദേശയാത്രയുടെ പതാക കൈമാറി സംസാരിക്കുകയായിരുന്നു എം.എൽ.എ. സ്‌കൂൾ ക്ലാസ്റൂമിൽ കമ്പൂട്ടർ വാങ്ങി വച്ച ശേഷം ഹൈടെക് ആണെന്ന് പറഞ്ഞതിന്റ അനുഭവമാണ് ഷഹ്‌നയുടെ മരണമെന്നും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് മിണ്ടാട്ടമില്ലെന്നും എം.എൽ.എ പറഞ്ഞു. സോളമൻ അലക്സ്, സെൽവരാജ്, കൊറ്റാമം വിനോദ്, മാരായമുട്ടം സുരേഷ്, ജോസ്‌ഫ്രാങ്കൻ, വടകര വാസുദേവൻ നായർ, സോമൻകുട്ടിനായർ, പൊഴിയൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.