ഉഴമലയ്ക്കൽ : ശ്രീനാരായണ ഹയർസെക്കൻ‌ഡറി സ്കൂൾ വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന കാരനാട് ജംഗ്ഷൻ പരിസരം അപകടമേഖലയാകുന്നു. സ്കൂളിലേക്ക് പോകുന്ന റോഡിൽ സൈഡ് വാൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി കൊണ്ട് മണ്ണ് ഇടിച്ചിട്ടു. ഇതേ റോഡിന്റെ ഒരു വശത്ത് ടാറിനോട് ചേർത്ത് മണ്ണിട്ടിരിക്കുന്നതു കാരണം 100 മീറ്ററോളം ഭാഗം അപകടസാദ്ധ്യത കൂടിയ മേഖലയായിരിക്കുകയാണ്. നെടുമങ്ങാട് - ഷോർളക്കോട് അന്തർസംസ്ഥാന റോഡായതിനാൽ തമിഴ്നാട്ടിൽ നിന്നും നിരവധി ടാങ്കർ ലോറികളാണ് ഇതു വഴി പോകുന്നത്. മണ്ണിന് പുറമേ മറ്റ് നിർമ്മാണ വസ്തുക്കളും റോഡിനോട് ചേർത്ത് കൂട്ടിയിട്ടിരിക്കുന്നത് കാൽനടക്കാർക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കുട്ടികൾ ദിവസേന ഇവിടെ കാൽതെറ്റി വീഴാറുണ്ട്. ഇതിന് പുറമേ

കാരനാട് ജംഗ്ഷനിലുള്ള ഉപയോഗശൂന്യമായ കിണറും അപകടം വിളിച്ചുവരുത്തുന്നു. മൂടിയില്ലാത്ത ഈ കിണറിന്റെ കൈവരിയിലാണ് കുട്ടികൾ ഇരിക്കുന്നതും മൊബൈൽ ഫോണിൽ കളിക്കുന്നതും. ഇത് കൂടുതൽ അപകടമുണ്ടാക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. നിരവധി തവണ ഇക്കാര്യം പഞ്ചായത്തിൽ അറിയിച്ചിട്ടും ഫലമില്ലെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെടുന്നു.