cctv

ചിറയിൻകീഴ്: വെള്ളം ചോദിച്ച് അടുത്തെത്തിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആനത്തലവട്ടം കയർ സൊസൈറ്റിമുക്ക് മണ്ണുതിട്ട വീട്ടിൽ വത്സലകുമാറിന്റെ ഭാര്യ പ്രസന്നകുമാരിയുടെ മാലയാണ് (64) നഷ്ടമായത്. ഇവർ റിട്ട. ഇൻഡസ്ട്രിയൽ ഓഫീസറാണ്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള ഷർട്ടും തൊപ്പിയും ഷൂവും നീല നിറത്തിലുള്ള പാന്റ്സും ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവാണ് കവർച്ച നടത്തിയതെന്ന് പ്രസന്നകുമാരി പൊലീസിനോട് പറഞ്ഞു.

ഗേറ്റിന് മുൻവശത്ത് ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് യുവാവ് എത്തിയത്. സ്‌കൂട്ടറിൽ നിന്ന് വീണ് മുറിവ് പറ്റിയിട്ടുണ്ടെന്നും കുടിക്കാൻ വെള്ളം വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. കുടിക്കാൻ വെള്ളം കൊടുത്ത പ്രസന്നകുമാരിയോട് മുറിവിൽ കെട്ടാൻ ബാൻഡേജും ഇയാൾ ചോദിച്ചു. ബാൻ‌ഡേജ് ഇല്ലെന്ന് പറഞ്ഞ് വീടിനകത്തേക്ക് പോകാനൊരുങ്ങുമ്പോൾ പ്രസന്നകുമാരിയെ തള്ളിയിട്ട ശേഷം രണ്ടേകാൽ പവന്റെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി ടിവി കാമറയിൽ നിന്നു ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി കടയ‌്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.