തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം 40 പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മിൽമയുടെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന ഡോ. വർഗീസ് കുര്യൻ അനുസ്മരണവും ദേശീയ ക്ഷീരദിനാചരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പഞ്ചായത്തിൽ അരക്കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പശു വളർത്തുന്നവർക്ക് നേട്ടമുണ്ടാകും. തിരഞ്ഞെടുപ്പ് നടത്താത്തതിനാലാണ് മലബാർ മേഖല യൂണിയനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാന്മാരായ പ്രയാർ ഗോപാലകൃഷ്ണനെയും പി.ടി. ഗോപാലക്കുറുപ്പിനെയും മന്ത്രി ആദരിച്ചു. മികച്ച ക്ഷീരസംഘമായി തിരഞ്ഞെടുത്ത ആലപ്പുഴയിലെ വള്ളികുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിനും, മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉച്ചക്കട ക്ഷീരോത്പാദക സഹകരണ സംഘത്തിലെ സജു .ജെ.എസിനും ഒരു ലക്ഷം രൂപയുടെ പാരിതോഷികവും മെമന്റോയും മന്ത്രി സമ്മാനിച്ചു.
തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേഷ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ യൂസഫ് കോറത്ത്, ജോയിന്റ് ഡയറക്ടർ മിനി രവീന്ദ്രൻ, ഡോ. എം.കെ. പ്രസാദ്, മിൽമ മാനേജിംഗ് ഡയറക്ടർ പി. പാട്ടീൽ സുയോഗ് സുഭാഷ് റാവു തുടങ്ങിയവർ പങ്കെടുത്തു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രൊഫ. വി. മുകുന്ദദാസ്, ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.