auto

അങ്കമാലിയിൽ തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് അതിലുണ്ടായിരുന്ന നാലുപേരും ദാരുണമായി മരണപ്പെട്ട സംഭവം സംസ്ഥാനത്ത് നിത്യേന ഉണ്ടാകുന്ന നിരവധി വാഹനാപകടങ്ങളിലൊന്നായി മാത്രം കരുതാനാവില്ല. റോഡിനോട് തൊട്ടു ചേർന്നു വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറച്ചുനിൽക്കുന്ന ഒരു കെട്ടിടം ഈ അപകടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത പങ്കു വഹിച്ചിരുന്നുവെന്നാണ് സ്ഥലത്തുള്ളവരുടെ സാക്ഷ്യപത്രം. അപകടത്തിനു ശേഷം രംഗത്തു വന്ന മുനിസിപ്പൽ അധികൃതർക്കും അക്കാര്യം ബോദ്ധ്യമായിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാൻ അതിന്റെ ഉടമതന്നെ സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ടെന്ന് അധികൃതർ അപകട സ്ഥലത്തു നിന്ന് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ ടി.വി. ദൃശ്യവും കണ്ടിരുന്നു.

ഗതാഗത നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളുമെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടു നിൽക്കുന്ന ഈ കെട്ടിടം പൊളിച്ചുനീക്കേണ്ടതാണെന്ന് ബോദ്ധ്യം വരാൻ പാവപ്പെട്ട നാലു മനുഷ്യാത്മക്കളെ കുരുതികൊടുക്കുന്നതുവരെ കാത്തിരുന്നതെന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്. തിരക്കേറിയ കവലയിൽ വാഹനം ഓടിക്കുന്നവരുടെ കാഴ്ച അപ്പാടെ മറച്ചുനിൽക്കുന്ന ഈ കെട്ടിടം എന്നേ പൊളിച്ചു കളയേണ്ടതായിരുന്നു. അതിനു ചുമതലപ്പെട്ടവർ കടമ മറന്നതിനു തക്കതായ കാരണവും കാണും. ഇത്തരം കേസുകളിൽ പണവും സ്വാധീനവും രാഷ്ട്രീയ ചായ്‌വുമൊക്കെയാണ് പലപ്പോഴും വിധി നിർണ്ണയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദുരന്തമോ മറ്റ് അനിഷ്ട സംഭവമോ ഉണ്ടാകുമ്പോഴാണ് അധികൃതർക്ക് ചുമതലാബോധം ഉണ്ടാകുന്നത്. അതുവരെ ഒന്നും കണ്ടില്ലെന്ന് നടിച്ചിരുന്നവർക്ക് ഇടപെട്ടേ മതിയാവൂ എന്ന ഘട്ടമെത്തുന്നത് അപ്പോഴാകും. അങ്കമാലി ബാങ്ക് കവലയിൽ തിങ്കളാഴ്ച ബസ് ഓട്ടോ റിക്ഷ തകർത്ത് നാലു ജീവിതങ്ങൾ പൊലിയാതിരുന്നെങ്കിൽ വിവാദ കെട്ടിടം അവിടെത്തന്നെ കാലങ്ങളോളം നിൽക്കുമെന്നതിൽ സംശയം വേണ്ട. നാട്ടിലെ നിയമ നടത്തിപ്പ് എപ്പോഴും ഇങ്ങനെയൊക്കെയാണ്. ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന സ്വകാര്യ ബസുകൾ ചെറു വാഹനങ്ങൾക്കും കാൽ നടക്കാർക്കും നിത്യഭീഷണിയാണ്.

തീരെ പാവപ്പെട്ട കുടുംബങ്ങളിലെ നാലുപേരാണ് തിങ്കളാഴ്ചത്തെ അപകടങ്ങളിൽ മരണപ്പെട്ടത്. ഇവരുടെ മരണം അനാഥമാക്കിയ ആ കുടുംബങ്ങളെ സഹായിക്കാനോ ആശ്വാസമരുളാനോ അധികമാരും കാണണമെന്നില്ല, പൗരന്റെ ജീവസുരക്ഷ സ്റ്റേറ്റിന്റെ പ്രധാന ചുമതലയാണെന്നാണ് സങ്കല്പം. എന്നാൽ റോഡിലിറങ്ങുന്ന ആരുടെയും ജീവന് ഒരു സുരക്ഷിതത്വവുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിധത്തിലാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ ദൃശ്യമാകുന്ന വൻ വർദ്ധന. ഗതാഗത നിയമങ്ങൾക്ക് ഒരു പ്രസക്തിയുമില്ലാത്ത വിധത്തിലാണ് എവിടെയും വാഹനങ്ങളുടെ ഭ്രാന്തമായ മത്സര ഓട്ടം. അപകടങ്ങൾ താനേ ഉണ്ടാകുന്നതല്ല. അനവധി കാരണങ്ങളുണ്ടാകും. ഏറ്റവും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നവരുടെ കരുതലില്ലായ്മ തന്നെയാകാം. ഒപ്പം തന്നെ പ്രധാനമാണ് സുരക്ഷിതമായ ഗതാഗതത്തിനു തടസമായ നിലയിൽ റോഡുകളിൽ അറിഞ്ഞുകൊണ്ടു സൃഷ്ടിക്കപ്പെടുന്ന പ്രതിബന്ധങ്ങൾ. വീതിയില്ലാത്ത റോഡുകളിലും കവലകളിലും സദാ കാണുന്ന പാർക്കിംഗ് ഏറ്റവും വലിയ ഗതാഗത പ്രശ്നമായി മാറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഏതാനും ദിവസം മുൻപ് അപ്പൂപ്പനുമൊത്ത് ബൈക്കിൽ പോയ ഏഴു വയസുകാരന്റെ ജീവൻ നഷ്ടപ്പെട്ടത് ഇതുപോലെ വിവേചന രഹിതമായ പാർക്കിംഗ് കാരണമാണ്. പട്ടം ഭാഗത്ത് ഇടുങ്ങിയ റോഡിലെ വാഹന പാർക്കിംഗ് നഗരത്തിലെ ട്രാഫിക് കാര്യാലയത്തിനു മുന്നിലാണെന്നതാണ് മറ്റൊരു സവിശേഷത. രാവിലെ മുതലേ ഇരുവശത്തും വാഹനങ്ങൾ നിരനിരയായി സ്ഥാനം പിടിച്ചിരിക്കും. ഇതുകഴിഞ്ഞു ശേഷിക്കുന്ന അല്പം സ്ഥലത്തുകൂടി വേണം മറ്റു വാഹനങ്ങൾ തട്ടാതെയും മുട്ടാതെയും പോകാൻ. ഇതുപോലൊരു യാത്രയാണ് ഏഴു വയസുകാരന്റെ ജീവൻ എടുത്തത്.

അപകടത്തിനുശേഷം ഈ റോഡിലെ പാർക്കിംഗ് നിരോധിക്കാൻ ഡി.ജി.പി തന്നെ നേരിട്ട് രംഗത്തിറങ്ങി. നഗരത്തിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും അനധികൃത പാർക്കിംഗ് കർക്കശമായി നിയന്ത്രിക്കുന്നതിനും നടപടികളെടുത്തു വരികയാണിപ്പോൾ. ചുമതലപ്പെട്ടവരുടെ കണ്ണുതുറപ്പിക്കാൻ ദാരുണമായ എന്തെങ്കിലും സംഭവമുണ്ടാകണമെന്നു വരുന്നത് എത്ര കഷ്ടമാണ്. കാടും പടർപ്പും നാനാതരത്തിലുള്ള മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന പൊതു വിദ്യാലയവളപ്പുകളും ക്ളാസ് മുറികളും ശുചിയാക്കുന്ന മഹായജ്ഞം സംസ്ഥാനമൊട്ടുക്കും നടക്കുകയാണിപ്പോൾ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ അഞ്ചാം ക്ളാസുകാരി പാമ്പുകടിയേറ്റ് മരിക്കേണ്ടിവന്ന ദാരുണ സംഭവമാണ് സ്കൂളുകളുടെ ശുചീകരണ വിഷയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്. ഏതു രംഗത്തും ഇതാണ് അവസ്ഥ. വാതിലുകളില്ലാത്ത ബസുകളിൽ നിന്നു യാത്രക്കാർ താഴെ വീഴാൻ തുടങ്ങിയപ്പോഴാണ് മുന്നിലും പിന്നിലും വാതിൽ വേണമെന്ന നിബന്ധന പ്രാബല്യത്തിലായത്. അതുപോലെ പുഴയ്ക്കു കുറുകെ പാലം വരണമെങ്കിൽ കടത്തുവള്ളം മുങ്ങി പലരും വെള്ളത്തിലാകണം. ദുരന്തങ്ങളുണ്ടാകുമ്പോൾ ഞെട്ടുകയും കുറച്ചു പണം നഷ്ടപരിഹാരമായി വച്ചു നീട്ടുകയും ചെയ്യുന്നതോടെ ഭരണകൂടത്തിന്റെ ബാദ്ധ്യത തീരുകയാണ്. എന്തിനും ഏതിനും ശക്തമായ നിയമങ്ങളുള്ള രാജ്യമായിട്ടും വേണ്ടിടത്തൊന്നും ഫലപ്രദമായി അത് ഉപയോഗിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം. റോഡരികിൽ വഴിമുടക്കുന്ന കെട്ടിടങ്ങളും ക്ളാസ് മുറികളിൽ പാമ്പിൻ മാളങ്ങളും മറ്റും ഉണ്ടാകുന്നത് അതുകൊണ്ടാണ്.