mullappally

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികൾ എത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ആക്ടിവിസ്റ്റുകളെ കുരുമുളക് സ്‌പ്രേയും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്ന സംഘപരിവാർ നടപടി അങ്ങേയറ്റം അപലപനീയമാണ്.
ആക്ടിവിസ്റ്റുകളായ തൃപ്തിദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ മലചവിട്ടാനെത്തിയതിന് പിന്നിൽ സി.പി.എം- ബി.ജെ.പി ഗൂഢാലോചനയുണ്ട്. യുവതീപ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രിമാർ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. യുവതീപ്രവേശനത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ഇപ്പോഴും സ്വാഗതം ചെയ്യുകയാണ്. യുവതീപ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം നിലനിൽക്കുന്നു. മൊത്തത്തിൽ ആശയക്കുഴപ്പം ഉള്ളതിനാലാണ് അതിന്റെ മറവിൽ യുവതികൾ ശബരിമലയിലെത്തുന്നത്.
കഴിഞ്ഞ തവണ ഇടതുസർക്കാരിന്റെ പിന്തുണയോടെ പൊലീസ് ഒരുക്കിയ സുരക്ഷയിൽ സന്നിധാനത്തെത്തുകയും ഈ മണ്ഡലകാലത്ത് തൃപ്തി ദേശായിയുടെ കൂടെ മല ചവിട്ടാനെത്തുകയും ചെയ്ത ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തി മന്ത്രി എ.കെ. ബാലനെ സന്ദർശിച്ചിട്ടുണ്ടോയെന്ന് സർക്കാർ വിശദീകരിക്കണം. മുഖ്യമന്ത്രി വിദേശ പര്യടനത്തിലായതിനാൽ സംസ്ഥാനത്ത് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്. നിയമ മന്ത്രിക്ക് സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ ബാദ്ധ്യതയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.