കടയ്‌ക്കാവൂർ: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ നിർമ്മാണ തൊഴിലാളികൾ അഖിലേന്ത്യാ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ ഒരു കോടി ഒപ്പുകൾ ശേഖരിച്ച് ലോക്‌സഭാ സ്‌പീക്കർക്ക് നൽകുന്നു. ഡിസംബർ 5ന് പാർലമെന്റ് മാർച്ചിന് ശേഷമാണ് സ്‌പീക്കർക്ക് നിവേദനം നൽകുന്നത്. കൺസ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ നടന്ന ഒപ്പുശേഖരണം മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) സംസ്ഥാന ട്രഷറർ സി. പയസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ലിജാ ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാസെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.ഐ.ടി.യു കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഇഗ്നേഷ്യസ് ലയോള, ലോക്കൽ കമ്മിറ്റിഅംഗം കെ. ബാബു, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ ഏരിയാ ഭാരവാഹികളായ എം. ബിനു, ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.