തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ വാർഷികാചരണ ദിനത്തിലും യാക്കോബായ സുറിയാനി സഭയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാരോപിച്ച് യാക്കോബായ സുറിയാനി സഭ സെക്രട്ടേറിയറ്റ് സമര സമിതി പ്രതീകാത്മക ശവമഞ്ചവുമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
' വടക്കും തെക്കും എന്നുള്ള മട്ടിലാണ് സർക്കാർ നീതി നടപ്പാക്കുന്നത്. വടക്കൻ ജില്ലകളിൽ നടപ്പാക്കുന്ന മാന്യമായ ശവസംസ്കാരം തെക്ക്ദേശത്ത് പ്രത്യേകിച്ച് ആലപ്പുഴയിലെ കട്ടച്ചിറയിൽ നടപ്പാക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി സംസ്കാരം നടത്താനാവാതെ പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന വൃദ്ധമാതാവിന്റെ മൃതദേഹം മാന്യമായി സംസ്കാരിക്കാൻ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടാത്തത് ദുരൂഹമാണ്. ഈ വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണം'- സമരസമിതി ആവശ്യപ്പെട്ടു.
യാക്കോബായ സുറിയാനി സഭ മുംബയ് ഭദ്റാസനാധിപൻ തോമസ് മോർ അലക്സന്ദ്രയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന്റെ 22-ാം ദിവസം സമരപരിപാടികൾ യാക്കോബായ സഭ പബ്ലിസിറ്റി കൺവീനർ ഷെവലിയാർ മോൻസി വാവച്ചൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക ശവമഞ്ചവുമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കട്ടച്ചിറ പള്ളി വികാരി ഫാദർ റോയി ജോർജ് സഹനസമരത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു.
യാക്കോബായ സഭ നടത്തുന്ന സമരം ഇനിയും സർക്കാർ കണ്ടില്ലെന്ന് നടിച്ചാൽ സമരത്തിന്റെ രീതി മാറുമെന്നും വരുംദിവസങ്ങളിൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റീഫൻ മുഖത്തല കോർ എപ്പിസ്‌കോപ്പാ, ഫാ.സഖറിയാസ് കളരിക്കൽ, ചർച്ച ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ബർയൂഹാനോൻ റമ്പാൻ, സമരസമിതി കൺവീനർ ഡീക്കൻ. തോമസ് കയ്യത്ര, ഫാ.റോയ് ജോർജ്, മീഡിയ കൺവീനർ തോമസ് പുതിയോട്ട്, ഫാ. തോമസ് കൊച്ചുപറമ്പിൽ, ഡീ ലിബിൻ ജോർജ്, ഷെവ. കോശി എം.ജോർജ്ജ്, ഫാ. കുര്യൻ വടക്കേപറമ്പിൽ, ഫാ. സോബി ഏലിയാസ്, സിജു വൈശ്ശേരി, ബേബി വത്സൻ, റി.സി രാജു, പി.എ പൈലി, അജി ജോർജ്ജ് കട്ടച്ചിറ, സി.എസ്.ഐ സഭാ പ്രതിനിധി അഡ്വ. ജോർജ് വർഗീസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.