congress-office-kerala

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയ്ക്കായി സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു സമർപ്പിച്ചത് ജംബോ പട്ടികയാണെങ്കിലും, പ്രധാന ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് നീക്കം. വർക്കിംഗ് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 15 പേരിൽ കൂടരുതെന്ന അഭിപ്രായം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനോട് പ്രകടിപ്പിച്ചതായി സൂചനയുണ്ട്.

ഒരാൾക്ക് ഒരു പദവിയെന്ന നിലയിൽ, പരമാവധി പേർക്ക് അവസരം നൽകണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. പ്രത്യേകിച്ച് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ എം.എൽ.എമാർക്ക് കെ.പി.സി.സി ഭാരവാഹികളായിരുന്നു കൊണ്ട് പ്രവർത്തിക്കാൻ പ്രായോഗിക പരിമിതികളുണ്ടാകുമെന്നാണ് വിലയിരുത്തൽ. സമവായ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉടൻ തിരുവനന്തപുരത്ത് എത്തിയേക്കും. നേതാക്കളെ പിണക്കാതെയുള്ള സമവായ ഫോർമുല തേടിയാകും മുകുൾ വാസ്നികിന്റെ വരവ്.

നിലവിലെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും എം.പിമാരാണ്. അതിൽ കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പും. പാർലമെന്റ് കമ്മിറ്റികളിലും അംഗങ്ങളായതിനാൽ സംഘടനാ കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ എം.പിമാർക്ക് കഴിയില്ലെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രധാന ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണം. . കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം അല്പം കൂടിയാലും കുഴപ്പമില്ല. ഈ അഭിപ്രായമാണ് കെ.പി.സി.സി പ്രസിഡന്റ് ഹൈക്കമാൻഡിന് കൈമാറിയിട്ടുള്ളത്

അതേസമയം, പുന:സംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റിന് മുൻ പ്രസിഡന്റുമാരെല്ലാം അവരുടേതായ പട്ടികകൾ കൈമാറിയിട്ടുണ്ട്. എ.കെ. ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും മാത്രമാണ് പേരുകൾ നൽകാതിരുന്നത്. ഐ ഗ്രൂപ്പ് കൈമാറിയ പട്ടികയിൽ ജനപ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്. കാര്യശേഷിയുള്ളവരെ ജനപ്രതിനിധികൾ ആയതുകൊണ്ടു മാത്രം മാറ്റിനിറുത്തുന്നത് ശരിയല്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സമ്മർദ്ദത്തിലൂടെ ഒരാൾക്ക് ഒരു പദവി മാനദണ്ഡം നടപ്പാക്കാൻ ഹൈക്കമാൻഡും ഒരുക്കമല്ല. നിലവിലെ കെ.പി.സി.സി സെക്രട്ടറിമാരിൽ കാര്യശേഷിയുള്ള ചിലർക്കെങ്കിലും സ്ഥാനക്കയറ്റം നൽകണമെന്ന ആഗ്രഹം കെ.പി.സി.സി പ്രസിഡന്റിനുണ്ട്.

അതിനിടെ, ജംബോ പട്ടികയെച്ചൊല്ലിയുള്ള പരാതികളും പത്രവാർത്തകളും ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി ചിലർ ഹൈക്കമാൻഡിന് മുന്നിലെത്തിച്ചിട്ടുമുണ്ട്.