പാറശാല: ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി ബോധപൗർണമി ക്ലബ്, പാറശാല ഗ്രാമപഞ്ചായത്ത്, പാറശാല ലയൺസ് ക്ലബ്, എക്സൈസ്, ജനമൈത്രി പൊലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നിയമ ദിനാചരണവും ട്രാഫിക്, ലഹരി വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ഫസ്റ്റ് അഡിഷണൽ മുൻസിഫ് എം.ജി. രാകേഷ് ഉദ്‌ഘാടനം ചെയ്‌തു. ഭരണഘടന അനുവദിച്ച അവകാശങ്ങളും കടമകളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയേണ്ടതാണെന്നും അവ പാലിക്കാൻ ഓരോരുത്തരും കടപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാറശാല ഗവ. വൊക്കേഷണൽ ആൻഡ് സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്‌കുമാർ ബോധപൗർണമി സന്ദേശം നൽകി. കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി. കമലാസനൻ, സെക്രട്ടറി അഡ്വ. അജിത് തങ്കയ്യ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി. അരുൺ, വൈസ് പ്രസിഡന്റ് വി.കെ. ജയറാം, ഹെഡ്മിസ്ട്രസ് ജെ. ചന്ദ്രിക, പാറശാല ലയൺസ് ക്ലബ് അഡ്‌മിസ്‌ട്രേറ്റീവ് ആഫീസർ കെ. ബിജുകുമാർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. ഷിബു, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ എസ്. അനിൽകുമാർ, എസ്.ഡി. കല എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ രാജദാസ് സ്വാഗതം പറഞ്ഞു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസും, ജനമൈത്രി പൊലീസ് എസ്.ഐ നജീബുദ്ദീന്റെ നേതൃത്വത്തിൽ 'സിഗ്നൽ" എന്ന ട്രാഫിക് ബോധവത്കരണ നാടകവും നടന്നു.