തിരുവനന്തപുരം:ശതാബ്ദി ആഘോഷിക്കുന്ന പൂജപ്പുര എസ്.എം.എസ്.എസ് ഹിന്ദു മഹിളാ മന്ദിരത്തോടുള്ള ആദരസൂചകമായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പിന്റെയും പ്രത്യേക പോസ്റ്റൽ കവറിന്റെയും പ്രകാശനം ഇന്ന് നടക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള സംസ്ഥാന ഫിലാറ്റെലിക് പ്രദർശനമായ 'കേരാപെക്‌സ് 2019'നോടനുബന്ധിച്ച് രാവിലെ 10ന് കേരളാ സർക്കിൾ പോസ്റ്റൽ അക്കൗണ്ട്‌സ് ഡയറക്ടർ വിജി .എം.ആർ പ്രകാശനം നിർവഹിക്കും. മഹിളാമന്ദിരം സെക്രട്ടറി എം.ശ്രീകുമാരി സ്റ്റാമ്പും പോസ്റ്റൽ കവറും ഏറ്റുവാങ്ങും. ഹിന്ദു മഹിളാ മന്ദിരം സ്ഥാപകയും വിദ്യാഭ്യാസ വിചക്ഷണയുമായ കെ.ചിന്നമ്മയുടെ ചിത്രമാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി തിരുവിതാംകൂറിലെയും കേരളത്തിലെയും വിദ്യാഭ്യാസമേഖലയ്ക്ക് സംഭാവന നൽകിയ ചിന്നമ്മയുടെയും മഹിളാ മന്ദിരത്തിന്റെയും ചിത്രങ്ങളാണ് പോസ്റ്റൽ കവറിൽ കോർത്തിണക്കിയിരിക്കുന്നത്.