വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് മുതൽ വിതുര വരെയുള്ള മേഖലയിൽ അപകടങ്ങൾ പതിവാകുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇരുചക്രവാഹനങ്ങൾ അമിതവേഗത്തിൽ പായുകയാണ്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ വാഹനങ്ങൾ വന്നിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇതിനകം നിരവധി പേരെ ബൈക്കുകൾ ഇടിച്ചിട്ടിട്ട് കടന്നു കളഞ്ഞ സംഭവവങ്ങളുമുണ്ടായിട്ടുണ്ട്. രണ്ട് വർഷത്തിനിടയിൽ തൊളിക്കോട് - വിതുര റോഡിൽ അപകടങ്ങളിൽ മരിച്ചത് അഞ്ച് പേരാണ്. പേരയത്തുപാറ, തോട്ടുമുക്ക്, വിതുര വേളാങ്കണ്ണി പള്ളി ജംഗ്ഷൻ, വിതുര ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അപകടമരണങ്ങൾ നടന്നത്. മാത്രമല്ല അപകടങ്ങളുടെ കണക്ക് വളരെ വലുതാണ്. അപകടങ്ങളിൽ കൈയും കാലും നഷ്ടപ്പെട്ടവരുമുണ്ട്. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.
ബൈക്ക് റേസിംഗ്
വിതുര - തൊളിക്കോട് റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമാണ്. ഇരുചക്രവാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതശബ്ദം പുറപ്പെടുവിച്ചാണ് യുവ സംഘങ്ങൾ റേസിംഗ് നടത്തുന്നത്. പ്രായപൂർത്തിയാകാത്തവരും ലൈസൻസ് ഇല്ലാത്തവരുമാണ് കൂടുതലും ബൈക്ക് റേസിംഗ് നടത്തുന്നത്. ഇതിനിടയിൽ അപകടങ്ങൾ നടന്ന സംഭവവുമുണ്ട്.
കഞ്ചാവ് വില്പനസംഘവും
വിതുര, തൊളിക്കോട് മേഖലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും കഞ്ചാവ് വില്പന നിർബാധം തുടരുകയാണ്. ഇരുചക്രവാഹനങ്ങളിലാണ് കഞ്ചാവ് എത്തിക്കുന്നത്. സ്കൂട്ടറുകളിൽ നാടൻ ചാരായം എത്തിച്ച് വിൽക്കുന്ന സംഘവും സജീവമാണ്. ഇക്കൂട്ടരെല്ലാം അമിതവേഗത്തിൽ പായുന്നതിനാൽ അപകടസാദ്ധ്യത കൂടുതലാണ്.
ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ
അമിതവേഗം വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും മറ്റും എത്തുന്നവരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുവസംഘങ്ങൾ വാഹനങ്ങളിൽ അമിത വേഗതയിലാണ് പൊൻമുടി മലകയറുന്നത്. ഇതിനിടയിൽ അനവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ഇടിച്ചിട്ടിട്ട് കടന്നു കളഞ്ഞ സംഭവവുമുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും പ്രതികൾ രക്ഷപ്പെടുന്നതാണ് പതിവ്.