latha

പാലോട്: അഗ്രിഫാം ബനാന നഴ്സറിയിലെ തൊഴിലുറപ്പ് ജോലിക്കിടെ ജീർണിച്ച ഇലവുമരം ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചുവിള പന്നിയോട്ടുകടവ് ഗ്രീഷ്‌മഭവനിൽ ലതയാണ് ( 47 ) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 20ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ഫാമിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെ ശക്തമായ കാറ്റിൽ തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. ലതയുടെ ദേഹത്തേക്കാണ് മരം ഒടിഞ്ഞുവീണത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ലതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചിരുന്നു. മരം വീഴുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ രണ്ടുപേരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്രിഫാം ജീവനക്കാരനായ ഗിരീഷാണ് ഭർത്താവ്. ടി.ടി.സി വിദ്യാർത്ഥിയായ ഗ്രീഷ്‌മയും ഡിഗ്രി വിദ്യാർത്ഥിനിയായ രേഷ്‌മയുമാണ് മക്കൾ.