തിരുവനന്തപുരം: കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമ്മേളനവും ലത്തീൻ കത്തോലിക്ക സമുദായ സംഗമവും 30, ഡിസംബർ ഒന്ന് തിയതികളിൽ നെയ്യാറ്റിൻകരയിൽ നടക്കുമെന്ന് കെ.എൽ.സി.എ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് ഉച്ചയ്ക്ക് 2ന് കെ.എൽ.സി.എ മുൻ മേഖലാ പ്രസിഡന്റ് വി.ജെ. ശലമോന്റെ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള പതാക പ്രയാണം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പതാക ഉയർത്തും. തുടർന്ന് സമുദായത്തിന് 'സമനീതി അധികാര പങ്കാളിത്തം' എന്ന വിഷയത്തിൽ നയരൂപീകരണ യോഗം നടക്കും.
ഡിസംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിന്ന് നെയ്യാറ്റിൻകര ടൗണിലേക്ക് നടക്കുന്ന മഹാറാലി നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് അക്ഷയ കോംപ്ലക്‌സിൽ നടക്കുന്ന പൊതുസമ്മേളനം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഷെറി ജെ.തോമസ്, മോൺ.ജി.ക്രിസ്തുദാസ്, ഡി.രാജു, മോൺ.വി.പി ജോസ്, എം.സി ലോറൻസ്, ബിജു ജോസി തുടങ്ങിയവർ പങ്കെടുത്തു.