തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) എഴുപതാം ഭരണഘടനാ ദിനാഘോഷവും കോളേജ് വിദ്യാർത്ഥി യൂണിയനായ 'സംസ്‌കൃതി'യുടെ ഉദ്ഘാടനവും മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. മാജിക് പ്ലാനറ്റുമായി സഹകരിച്ച് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നഗരസഭ പദ്ധതി ആരംഭിച്ചതായി മേയർ അറിയിച്ചു.
നേപ്പാളിൽ നിന്നുള്ള വിദ്യാർത്ഥി ചെയർമാനും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമുൾപ്പെടുന്നതാണ് യൂണിയൻ. യൂണിയൻ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലിയ ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഷീബ ജോർജ് അദ്ധ്യക്ഷയായി. നിഷ് സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ഡോ. കെ.ജി. സതീഷ് കുമാർ, അക്കാഡമിക് ആൻഡ് ഏർളി ഇന്റർവെൻഷൻ കോ ഓ‌ർഡിനേറ്റർ ഡെയ്‌സി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.