ഞ്ഞാറമൂട്: അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം ഫ്രാൻസിസ് ടി. മാവേലിക്കരയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലയാള പ്രൊഫഷണൽ നാടക രംഗത്തിന് നൽകി വരുന്ന സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് പ്രതിഭാ പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 350 ഓളം നാടകങ്ങൾ രചിച്ച അദ്ദേഹത്തിന് മികച്ച നാടകരചനയ്ക്കുള്ള 7 സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടക മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും. ഡിസംബർ 9ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പുരസ്കാരം നൽകും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ, അബു ഹസൻ, അശോക് ശശി, എസ്. അനിൽ, ദിലീപ് സിതാര തുടങ്ങിയവർ പങ്കെടുത്തു.