തിരുവനന്തപുരം: ശബരിമലയിൽ വില്പന നടത്തിയ അരവണയിൽ പല്ലിയെന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ ഒരു തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് വ്യാജ വാർത്തയ്ക്ക് പിന്നിലെന്നും ബോർഡ് വ്യക്തമാക്കി.
അപ്പം, അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പറഞ്ഞു. ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരവണ തയ്യാറാക്കി, പായ്ക്ക് ചെയ്ത് വില്പനയ്ക്ക് എത്തിക്കുന്നത്. അരവണ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പ്ലാന്റ് ശുചീകരിച്ച് അണുവിമുക്തമാക്കും. അതികഠിനമായ താപനിലയിലാണ് അരവണ നിർമ്മാണം. അരവണ നിർമ്മാണം നടക്കുന്ന സമയത്ത് ഒരു ഘട്ടത്തിലും പല്ലി, പാറ്റ പോലുള്ള ജീവികൾക്ക് പ്ലാന്റിൽ കടക്കാൻ കഴിയില്ല. നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും സംസ്ഥാന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ പരിശോധനകളും പ്ലാന്റിൽ നടക്കുന്നുണ്ട്. തെറ്റായ വാർത്ത സൃഷ്ടിച്ചവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ബോർഡ് പരാതി നൽകിയതായും പ്രസിഡന്റ് അറിയിച്ചു.