pozhiyoor

പാറശാല: നിർമ്മാണം പുരോഗമിച്ച് വരുന്ന തമിഴ്നാടിന്റെ പുലിമുട്ട് നിർമ്മാണം പൊഴിയൂരിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനും സ്വത്തിനും തൊഴിൽ നാശത്തിനും കാരണമാകാൻ സാദ്ധ്യതയെന്ന് വിദഗ്ദ്ധർ. തമിഴ്‍നാട് ഭാഗത്തെ പുലിമുട്ട് നിർമ്മാണം പൂർത്തിയാകുമ്പോൾ തൊട്ടടുത്ത പ്രദേശമായ തെക്കൻ കേരളത്തിലെ തീരത്തേക്ക് കടൽ കയറി ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകുമെന്നാണ് സൂചന.

സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെടുന്നതും സർക്കാരിന് കോടികണക്കിന് വിദേശനാണ്യം നേടിത്തരുന്നതുമായ പൊഴിയൂരിലെ റിസോർട്ടുകളും അനുബന്ധ വ്യവസായങ്ങളും ഇതുമൂലം ഇല്ലാതാകും. പൊഴിയൂരിലെ നിർദ്ദിഷ്ട ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണത്തിന് മുന്നോടിയായി നടത്തുന്ന തമിഴ്നാടിന്റെ പുലിമുട്ട് നിർമ്മാണം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി മാറുമെന്നതാണ് മറ്റൊരു ഭവിഷ്യത്ത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതും വേണ്ടത്ര പഠനങ്ങളും വിലയിരുത്തലുകളും നടത്താതെ തുടരുന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിറുത്തിവച്ച് പൊഴിയൂരിനെയും പരിസര പ്രദേശങ്ങളെയും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതികൾ മാനിച്ച് സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തണമെന്നതാണ് പൊതുവായ ആവശ്യം.