iffk
IFFK

തിരുവനന്തപുരം: സമകാലിക സിനിമയുടെ നേർക്കാഴ്‌ചകളൊരുക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഡിസംബർ ആറിന് തിരശീല ഉയരും. 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോക സിനിമ, റെട്രോസ്‌പെക്ടീവ് തുടങ്ങിയ 15 വിഭാഗങ്ങളിലായാണ് പ്രദർശനം.
സിനിമയെ പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള മാദ്ധ്യമമാക്കിയ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസാണ് മേളയുടെ ആകർഷണം. സൊളാനസിന്റെ അവർ ഒഫ് ദ ഫെർണസ്, സൗത്ത്, ദി ജേണി തുടങ്ങിയ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ആജീവനാന്ത നേട്ടത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരവും (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്) സൊളാനസിനാണ്.
ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്, ആർ.കെ. കൃഷ്ണാനന്ദിന്റെ വൃത്താകൃതിയിലൊരു ചതുരം എന്നീ മലയാള ചിത്രങ്ങളുൾപ്പെടെ 15 എണ്ണമാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ളത്. അലൻ ഡെബേർട്ടിന്റെ പാരസൈറ്റ്, ബോറിസ് ലാച്കിന്റെ കമീൽ തുടങ്ങിയ ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്,
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ ജീവിതം പ്രമേയമാക്കിയ സമീർ വിദ്വാന്റെ ആനന്ദി ഗോപാൽ, പ്രദീപ് കുർബയുടെ മാർക്കറ്റ്, സീമാ പഹ്വയുടെ ദി ഫ്യുണറൽ എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണുള്ളത്. കലേഡോസ്‌കോപ്പിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത മൂത്തോൻ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാന്തൻ ദ ലവർ ഒഫ് കളർ, ബോംബെ റോസ് തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും.
കൺട്രി ഫോക്കസിൽ നാല് ചൈനീസ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സെ ഫൈയുടെയും വാങ് കുനാനിന്റെയും രണ്ട് ചിത്രങ്ങൾ വീതമാണ് ഈ വിഭാഗത്തിലുള്ളത്. സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്‌സന്റെയും ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്‌ലിഫിന്റെയും ചിത്രങ്ങളാണ് സമകാലിക ചലച്ചിത്ര ആചാര്യന്മാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളി സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കന്നട സംവിധായകൻ ഗിരീഷ് കർണാട്, ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ, ബംഗാളി സംവിധായകൻ മൃണാൾ സെൻ, നടി മിസ് കുമാരി, ടി.കെ. പരീക്കുട്ടി എന്നിവർക്ക് മേള ആദരവ് അർപ്പിക്കും.