ഉള്ളൂർ: പത്താമത് ദേശീയ അവയവദാന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവദാന ദിനാചരണം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നടക്കുന്ന പരിപാടിയിൽ അവയവദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ സഹകരണത്തോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി ഡി.എം.ഇ ഡോ. റംലാബീവി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സാഹചര്യമില്ലാതെ നിസഹായാവസ്ഥയിൽ കഴിഞ്ഞ യുവതിക്ക് വൃക്ക നൽകാൻ സ്വമേധയാ മുന്നോട്ടു വന്ന സുമ തോമസ് തരകനെ ചടങ്ങിൽ ആദരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, യൂറോളജി വിഭാഗം മേധാവി ഡോ. ജി. വേണുഗോപാൽ, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ പങ്കെടുക്കും.