തിരുവനന്തപുരം: വരുമാനച്ചോർച്ച കണ്ടെത്തി പരിഹാരം തേടിയും പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തിയും സാമ്പത്തിക നില ശക്തമാക്കാൻ ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു ഇതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു .റിട്ട. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ ഉണ്ണികൃഷ്ണൻ, ഹരീന്ദ്രനാഥ്, നിലവിലെ ഡെപ്യൂട്ടി കമ്മീഷണർ പത്മകുമാർ എന്നിവരാണ് അംഗങ്ങൾ.

പല ക്ഷേത്രങ്ങളിലെയും വിവാഹമണ്ഡപങ്ങളും സദ്യാലയങ്ങളും ശരിയായി പരിപാലിച്ച് നവീകരിക്കാത്തതിനാൽ അടഞ്ഞുകിടക്കുന്നു ഇവ വീണ്ടും ഉപയോഗപ്രദമാക്കി വരുമാനം കൂട്ടും. .അടഞ്ഞു കിടക്കുന്ന മറ്റ് കെട്ടിടങ്ങളും പ്രവർത്തന സജ്ജമാക്കും.. നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് തെങ്ങിൻതോപ്പുകളും റബർ എസ്റ്റേറ്റുകളുമുണ്ട്. എസ്റ്റേറ്രുകളിൽ കാലങ്ങളായി ശരിയായ വിധത്തിൽ റബർ ടാപ്പിംഗ് നടക്കുന്നില്ല.

കാലങ്ങളായി തുടർന്നു വരുന്ന ഡ്യൂട്ടി വ്യവസ്ഥ,പകരം വ്യവസ്ഥ തുടങ്ങിയ കീഴ്വഴക്കങ്ങൾ അവസാനിപ്പിക്കും. .ഏതെങ്കിലും ക്ഷേത്രത്തിലോ ദേവസ്വം ഓഫീസിലോ ജീവനക്കാരുടെ ഒഴിവുണ്ടായാൽ അവിടേയ്ക്ക് മറ്റേതെങ്കിലും ക്ഷേത്രത്തിൽ നിന്നോ, ഓഫീസിൽ നിന്നോ പകരം ആൾക്കാരെ അയയ്ക്കുന്നതാണ് 'ഡ്യൂട്ടി വ്യവസ്ഥ'.ഇങ്ങനെ ഡ്യൂട്ടിക്ക് പോകുന്നവർക്ക് പകരമായി പുറത്തുനിന്ന് ആൾക്കാരെ നിയോഗിക്കുകയും ദേവസ്വം ബോർഡ് അവർക്ക് ശമ്പളം നൽകുകയും ചെയ്യുന്നതാണ് 'പകരം വ്യവസ്ഥ'.. അവശ്യം വേണ്ട ചില തസ്തികകളിൽ മാത്രം ഈ സമ്പ്രദായം തുടരും.

മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി സജ്ജമാക്കിയിട്ടുള്ള ക്രമീകരണങ്ങളും യോഗം വിലയിരുത്തി.ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ അദ്ധ്യക്ഷതയിൽ ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ മെമ്പർമാരായ എൻ.വിജയകുമാർ, കെ.എസ്.രവി എന്നിവരും പങ്കെടുത്തു.