chalakudy

തിരുവനന്തപുരം: കളിക്കളം കായികമേളയിൽ തുടർച്ചയായ നാലാം തവണയും ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് ഓവറാൾ കിരീടം. മൂന്നു ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്തു നടന്ന കായികമേളയിൽ 134 പോയിന്റു നേടിയാണ് ചാലക്കുടി എം.ആർ.എസ് ഓവറാൾ ചാമ്പ്യൻമാരായത്. 106 പോയിന്റ് നേടിയ കണിയാമ്പറ്റ എം.ആർ.എസാണ് രണ്ടാം സ്ഥാനത്ത്. 80 പോയിന്റു നേടിയ കാസർകോട് എം.ആർ.എസാണ് മൂന്നാമത്.കണ്ണൂർ,നിലമ്പൂർ,നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനം നേടി.എം.ആർ.എസ് ചാലക്കുടിയുടെ പരിശീലക സിനി തോമസിനാണ് മികച്ച പരിശീലകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. അട്ടപ്പാടി ഐ.ടി.ഡി.പിക്ക് ഫെയർപ്ലേ അവാർഡ് ലഭിച്ചു.ആൺകുട്ടികളുടെ വിഭാഗത്തിൽ 53 പോയിന്റുമായി കണ്ണൂർ എം.ആർ.എസ് ഓവറാൾ ചാമ്പ്യന്മാരായി. എം.ആർ.എസ് ചാലക്കുടി തന്നെയാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറാൾ കിരീടം നേടിയത്. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിന് എം.ആർ.എസ് ഞാറനീലിക്കും അവാർഡ് ലഭിച്ചു.

പട്ടികവർഗ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം ഉറപ്പാക്കും: മന്ത്രി ബാലൻ

പട്ടികവർഗ വിഭാഗത്തിൽ നിന്നും കായികമികവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി മെച്ചപ്പെട്ട പരിശീലനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കളിക്കളം കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എസ്.ടി വകുപ്പിനു കീഴിൽ സ്‌പോർട്‌സ് സ്‌കൂൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറത്തു.വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പി.പുഗഴേന്തി,പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു