കോവളം: കോവളം തീരത്ത് സീസൺ ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കടലിലേക്ക് ഒഴുകിയെത്തുന്നത് സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും കടുത്ത ആശങ്കയിലാഴ്ത്തുത്തുന്നു. ഗ്രോവ് ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കരയ്ക്കടിയുന്നത് തുടരുകയാണ്. രാത്രിയിലാണ് മാലിന്യങ്ങൾ വന്നടിയുന്നതെന്നാണ് ലൈഫ് ഗാർഡുകൾ പറയുന്നത്. മരങ്ങളുടെ ശിഖരങ്ങളും ഇതിൽ പെടും. കഴിഞ്ഞ വർഷം ഇതേ സമയം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വലകളുടെ വൻ ശേഖരം അടിഞ്ഞിരുന്നു. പുറംകടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മീൻപിടിത്തക്കാരുടെ വലകളിൽ മത്സ്യത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും കുടുങ്ങാറുണ്ട്. തോടുകളും ഓവുചാലുകളും പുഴകളും വഴി ഒഴുകിയെത്തുന്ന മാലിന്യം ഒടുവിൽ കടലിലാണെത്തുക. ഇത്തരം മാലിന്യങ്ങൾ കരയിലേക്കു തന്നെ തിരിച്ചെത്തുകയാണ് പതിവ്. കടൽത്തീരങ്ങൾ മലിനമാകുന്നത് അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ തീരത്തു നിന്ന് അകറ്റുന്നതിന് കാരണമാകും. ഇത് ടൂറിസം സീസൺ ആശ്രയിച്ച് കഴിയുന്ന സാധാരണക്കാർക്കും വൻകിടക്കാർക്കും ഒരുപോലെ തിരിച്ചടിയാകും. അതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാവുകയാണ്.
മാലിന്യം നീക്കം ചെയ്യാൻ നിയോഗിച്ചത് 18 ഓളം തൊഴിലാളികളെ
പ്രശ്നം ഗുരുതരം
കാര്യങ്ങൾ ഇത്തരത്തിൽ തന്നെ മുന്നോട്ടുപോയാൽ 2025 ആകുമ്പോഴേക്കും ഓരോ മൂന്നു ടൺ മത്സ്യത്തിനുമൊപ്പം ഒരു ടൺ പ്ലാസ്റ്റിക് വലയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഓഷ്യൻ കൺസെർവൻസി അധികൃതർ പറയുന്നത്.
മൺസൂണിനു ശേഷമുള്ള ശക്തമായ കാറ്റിൽ കടലിന്റെ അടിത്തട്ടിലെ തണുത്ത വെള്ളം മുകളിലെത്തുന്ന 'അപ് വെല്ലിംഗ്' പ്രതിഭാസമാവാം തീരത്തു മാലിന്യമടിയുന്നതിന്റെ കാരണമെന്നു മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) പരിസ്ഥിതി വിഭാഗം അധികൃതർ പറയുന്നു.
കടലിലെത്തുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടും. മത്സ്യം ഉൾപ്പെടെയുള്ളവ ഇത് ഭക്ഷിക്കുന്നതിലൂടെ കടൽജീവികളുടെ വംശനാശത്തിനും കാരണമാകും. ഇത്തരം മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും മൈക്രോപ്ലാസ്റ്റിക് എത്തുന്നതായും ഫിഷറീസ് റിസർച്ച് അധികൃതർ പറയുന്നു.
ഇത് കോവളത്ത് ആദ്യ സംഭവമല്ല. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ദിവസേന പെരുകുന്നത് സഞ്ചാരികളെ തീരത്ത് നിന്ന് അകറ്റും.
-കോവളം പി.സുകേശൻ, കോ ഓർഡിനേറ്റർ, ഇക്കോപ്രിസർവ് .
പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം തീരം പൂർണമായും ശുചീകരിക്കും. മാലിന്യ നിക്ഷേപത്തിനെതിരെ ടൂറിസം വകുപ്പ് വിവിധ സംഘടനകളുമായി ചേർന്ന് ചില കർമ്മ പരിപാടികൾക്ക് രൂപം നൽകും.
-പ്രേംഭാസ്, കോവളം ടൂറിസം ഫെസിലിറ്റേഷൻ ഓഫീസർ