പാറശാല: സീനിയർ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ടാംക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമരവിള ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി പരശുവയ്ക്കൽ കൊപ്പഴിഞ്ഞിവിള വീട്ടിൽ സനൽകുമാറിന്റെ മകൻ അജിത്തിനാണ് (13) പരിക്കേറ്റത്. കുട്ടിയുടെ തലയിൽ 21 തുന്നലുണ്ട്. കഴിഞ്ഞ 21ന് രാവിലെ 11നാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജിത്തിന് ബോധം വീണപ്പോഴാണ് 9ാം ക്ലാസിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥി തന്റെ തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നെന്ന് പിതാവിനോട് പറഞ്ഞത്. ഓടുന്നതിനിടെ താഴെ വീണ് മുറിവുണ്ടായെന്നാണ് സ്കൂൾ അധികൃതർ ആശുപത്രി അധികൃതരെയും കുട്ടിയുടെ രക്ഷാകർത്താക്കളെയും ധരിപ്പിച്ചിരുന്നത്. എന്നാൽ സ്കൂളിലെത്തി അധികൃതരോട് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് സനൽകുമാർ പറഞ്ഞു. സ്കൂൾ അധികൃതരുമായി തർക്കമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. സ്കൂൾ അധികൃതർക്കെതിരെ സനൽകുമാർ പാറശാല പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ തങ്ങളാണ് ആശുപത്രിയിലെത്തിച്ചതെന്നും വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നത്തെ വലുതാക്കി സ്കൂളിനെ വിവാദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.