തിരുവനന്തപുരം: കേരള തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഫിലാറ്റെലിക് പ്രദർശനം 'കേരാപെക്സ് 2019' പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. 'കേരാപെക്സ് 2019'ന്റെ 'സാറ്റേൺ' സ്പെഷ്യൽ കവർ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത്‌ ഡി.ജി.പിക്ക് നൽകി പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെ പെർമനന്റ് പിക്ടോറിയൽ കാൻസലേഷൻ പ്രകാശനം കേരള സർക്കിൾ നോർത്തേൺ റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ ജിതേന്ദ്ര ഗുപ്ത ഡി.ജി.പിക്ക് നൽകി നിർവഹിച്ചു. കേരള സർക്കിൾ പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യദ് റഷീദ് സ്വാഗതം പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് വിവിധ ഗാന്ധി അനുസ്മരണ സ്റ്റാമ്പുകളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെന്നി ബ്ലാക്കും ഏഷ്യയിലെ ആദ്യ സ്റ്റാമ്പായ സിന്ദ് ഡാകും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 29 വരെയാണ് പ്രദർശനം.