vettukadu

തിരുവനന്തപുരം: കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ (ചർച്ച് ആക്ട്) നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പതിനാറിലധികം അൽമായ സംഘടനകളുടെ ഏകോപനസമിതിയായ ആക്‌ഷൻകൗൺസിലിന്റെ നേതൃത്വത്തിലുള്ള മാർച്ചിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. പാളയം ബിഷപ് പെരേര ഹാളിന് മുന്നിൽ പന്ന്യൻ രവീന്ദ്രൻ ഫ്ലാഗോഫ് ചെയ്യും.. സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. 12.30ന് ഗവർണറെ കണ്ട് നിവേദനം നൽകും.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിയമ കമ്മിഷൻ അദ്ധ്യക്ഷനായിരിക്കെ, 2009ൽ ഡ്രാഫ്റ്റ് ചെയ്ത ബിൽ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് ശേഷം സർക്കാറിന്റെ നയപരമായ തീരുമാനം കാത്തിരിക്കുകയാണ്. ഉടൻ നടപടി എടുക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി ഫയൽ നിയമ സെക്രട്ടറിക്ക് കൈമാറിയെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. നിയമം പാസാക്കിയില്ലെങ്കിൽ നാളെ മുതൽ ഗാന്ധിയൻ മാതൃകയിലുള്ള നിയമ നിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹിയും മക്കാബി ഡയറക്ടറുമായ റവ. ബർ യൂഹാനോൻ റമ്പാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ പേരിൽ ബിഷപ്പുമാർ ചൂഷണം നടത്തുകയാണെന്ന് ആക്‌ഷൻ കൗൺസിൽ രക്ഷാധികാരി റവ. ഡോ. വൽസൻ തമ്പു പറഞ്ഞു. ചർച്ച് ബിൽ നടപ്പായാൽ ക്രൈസ്തവ ദേവാലയങ്ങളിലെ അംഗങ്ങൾക്കാവും സ്വത്തിന്റെ അവകാശം. തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ബിഷപ്പുമാർ മുഖ്യമന്ത്രിയെ കണ്ട്‌ വോട്ടുബാങ്ക് തങ്ങളുടെ കീശയിലാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ബിഷപ്പുമാർ പറയുന്നത് കേട്ട് തുള്ളുന്നവരല്ല ക്രൈസ്തവർ. ബിഷപ്പുമാർ കണ്ണുരുട്ടിയാൽ വിറയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെയല്ല തങ്ങൾക്ക് വേണ്ടത്.
ചർച്ച് ആക്ട് നടപ്പാക്കുന്നതിന്റെ നേട്ടം മറ്റ് മത വിഭാഗങ്ങൾക്കും കൂടിയാണ് ലഭിക്കുകയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. അനീതിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സ്വീകരിച്ചത് ഉറച്ച നിലപാടാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ചർച്ച് ആക്ട് നടപ്പാക്കേണ്ട സമയമാണിത്. ഇത് നേരത്തെ ആവാമായിരുന്നു. ബിൽ നടപ്പാക്കാനായി മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും താൻ സംസാരിക്കുമെന്നും വ്യക്തമാക്കി. ആക്ഷൻ കൗൺസിൽ നേതാക്കളായ അഡ്വ. ബോറീസ് പോൾ, അഡ്വ. ബോബൻ വർഗീസ്, മോഹൻ തുടങ്ങിയവരും സംസാരിച്ചു.