ak-balan

തിരുവനന്തപുരം: ഇന്നലെ ശബരിമല ദർശനത്തിന് തുനിഞ്ഞ ബിന്ദു അമ്മിണിയുമായി താൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നുവെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി എ.കെ. ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീർക്കാനാണ് തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച താൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ സുരേന്ദ്രൻ ജനങ്ങളോട് പരസ്യമായി മാപ്പു പറയണം. തിങ്കളാഴ്ച താൻ രാവിലെ 11ന് ചേർത്തലയിലും വൈകുന്നേരം ആറിന് കരുനാഗപ്പള്ളിയിലും പിന്നാക്കവിഭാഗ കോർപ്പറേഷൻ ഉപജില്ലാ ഓഫീസുകളുടെ ഉദ്ഘാടനച്ചടങ്ങുകളിലായിരുന്നു. രാത്രി എട്ടോടെ നേരേ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്.
. ഭക്തജനങ്ങളെ സർക്കാരിനെതിരെ അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ. സുരേന്ദ്രനും മറ്റും നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ശബരിമല സീസണിൽ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി.
സർക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമലയിൽ പോകാൻ തുനിഞ്ഞതെന്ന് വരുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിൽ . വ്യക്തമായ ഗൂഢാലോചനയുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആർ.എസ്.എസിനും ഒരു ടി.വി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടി.വി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മിഷണർ ഓഫീസിൽ പോയപ്പോഴും അവിടെ ബി.ജെ.പിക്കാർ മാത്രം.. ഇതൊക്കെ ഗൂഢാലോചന നടന്നതിന്റെ തെളിവുകളാണെന്നും മന്ത്രി പറഞ്ഞു.