കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ഇടിച്ചുനിരത്തിയ നെഹ്റു സ്മൃതി മണ്ഡപം യഥാസ്ഥാനത്ത് പുനസ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കോൺഗ്രസ് നടത്തിയ സമരത്തെ തുടർന്നാണിതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. കൃഷ്ണകുമാർ അറിയിച്ചു. ഇതിന് മേൽനോട്ടം വഹിക്കുന്നതിന് തന്നെ ചെയർമാനും, എസ്. വസന്തകുമാരി, കുന്നുംപുറം വാഹിദ്, കെ. രവി, എസ്. നസീമ എന്നിവർ അംഗങ്ങളുമായി ഉപസമിതിയെയും നിയമിച്ചു. ഒരു മാസത്തിനകം മണ്ഡപം യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കാൻ ഈ ഉപസമിതി നേതൃത്വം നൽകുമെന്ന് കമ്മിറ്റി യോഗം തീരുമാനമെടുത്തു. സമരത്തെത്തുടർന്ന് നെഹ്റുവിന്റെ സൂക്തങ്ങളെ ഉൾക്കൊള്ളിച്ച് സ്ഥാപിക്കപ്പെട്ട ശിലാഫലകം സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് സമരത്തിലായിരുന്നു.