തിരുവനന്തപുരം: നഗരത്തിലെ പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതിയിൽ ഓരോ വാർഡിലെയും ഗുണഭോക്താക്കളുടെ എണ്ണം ഏഴിൽ നിന്നു 13 ആയി വർദ്ധിപ്പിക്കും. മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. പിന്നാലെയാണ് യോഗം ചേർന്ന് എണ്ണം വർദ്ധിപ്പിച്ചത്. ഓരോ വാർഡിലും വസ്‌തുവുള്ള 10 പേർക്ക് വീടുവയ്ക്കാനുള്ള സഹായം നൽകും. നഗരസഭയുടെ സഹായത്തോടെ വസ്‌തുവാങ്ങി വീടുവയ്ക്കാൻ ജനറൽ വിഭാഗത്തിൽ രണ്ട്, അഗതി അല്ലെങ്കിൽ വിധവ ഒന്ന് എന്നിങ്ങനെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വസ്‌തുവുള്ളതും വീടുവയ്ക്കാൻ കഴിയാത്തുമായ അപേക്ഷ സമർപ്പിക്കുന്ന എല്ലാ എസ്.സി, എസ്.ടി വിഭാഗക്കാരെയും മത്സ്യത്തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. നേരത്തെ ഏഴായിരുന്നപ്പോൾ ഇത്തരത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ തീരുമാനത്തോടെ നിരവധി പേർക്ക് ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, വഞ്ചിയൂർ ബാബു, എസ്. പുഷ്‌പലത, ബി.ജെ.പി നേതാക്കളായ എം.ആർ. ഗോപൻ, വി.ജി. ഗിരികുമാർ, യു.ഡി.എഫ് നേതാക്കളായ ബീമാപള്ളി റഷീദ്, ഡി. അനിൽകുമാർ, ജോൺസൺ ജോസഫ്, വി.ആർ. സിനി, പാളയം രാജൻ, കൗൺസിലർ സോളമൻ വെട്ടുകാട് എന്നിവർ പങ്കെടുത്തു.