നെടുമങ്ങാട്: പാണ്ടിക്കാറ്റിന്റെ താണ്ഡവത്തിൽ നടുങ്ങിവിറയ്‌ക്കുകയാണ് മലയോര ഗ്രാമങ്ങൾ. നവംബർ, ഡിസംബർ മാസങ്ങളിൽ വീശിയടിക്കാറുള്ള പാണ്ടിക്കാറ്റ് ഒരു തൊഴിലുറപ്പ് തൊഴിലാളിയുടെ ജീവൻ കവർന്നതിന്റെ ആഘാതം നാട്ടുകാരെ വിട്ടൊഴിയുന്നില്ല. പൊന്മുടിയുടെ അടിവാരമായ പെരിങ്ങമ്മല അഗ്രിഫാമിൽ ജോലിക്കിടെയാണ് മരം ഒടിഞ്ഞുവീണ് കൊച്ചുവിള പന്നിയോട്ടുകടവ് ഗ്രീഷ്‌മഭവനിൽ ലത മരിച്ചത്. ഏറെനാളായി ചുവടുദ്രവിച്ച് നിന്ന മരമാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഇതുപോലെ ഏതുനിമിഷവും നിലംപൊത്താവുന്ന അമ്പതോളം മരങ്ങൾ അഗ്രിഫാമിലും ബനാന നഴ്‌സറിയിലുമുണ്ട്.

തൊഴിലാളികൾക്കും ജീവനക്കാർക്കും സുരക്ഷാഭീഷണി ഉയർത്തുന്ന ഇത്തരം മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഫം അധികൃതർ ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ റിപ്പോർട്ട് നൽകിയിരുന്നതാണ്. ബനാന നഴ്സറിയുടെ മുറ്റത്ത് ചുവടുപോയി നിൽക്കുന്ന പാഴ്‌മരത്തിന്റെ കൊമ്പുകൾ ഓഫീസ് കെട്ടിടത്തിന് മുകളിൽ ഒടിഞ്ഞ് വീഴുക പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പൊന്മുടി വനമേഖലയിൽ ഡിസംബറിൽ വീശുന്ന കാറ്റിനെ പാണ്ടിക്കാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ അധീനതയിലുള്ള ബനാന സ്‌പെഷ്യൽ ഫാമിൽ 120 കാഷ്വൽ, പെർമനന്റ് തൊഴിലാളികളും 12 ഉദ്യോഗസ്ഥരും തൊഴിലെടുക്കുന്നുണ്ട്. തൊട്ടടുത്തുള്ള അഗ്രിഫാമിൽ 130 തൊഴിലാളികളും 15 ഉദ്യോഗസ്ഥരുമാണുള്ളത്. ചുവടുപോയി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൃഷി ഭൂമിയുടെ ഉടമാവകാശമുള്ള വനംവകുപ്പിന് ഫാം അധികൃതർ കത്ത് നൽകിയിട്ട് മാസങ്ങളായെങ്കിലും ബന്ധപ്പെട്ടവർക്ക് അനക്കമില്ലെന്നാണ് പരാതി. രണ്ടു ദിവസമായി വീശിയടിക്കുന്ന പാണ്ടിക്കാറ്റിൽ ഈ മേഖലയിലെ വൈദ്യുതി, വാർത്താ വിനിമയ ബന്ധം തടസപ്പെട്ടു.