തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുത്തുകാട്ടി സാമൂഹ്യ അസന്തുലിതാവസ്ഥ കേരളത്തിൽ കൂടുന്നുവെന്നത് സജീവ ചർച്ചാവിഷയമാക്കാൻ സംഘപരിവാർ നീക്കം. നരേന്ദ്രമോദി മന്ത്രിസഭ രണ്ടാമതും അധികാരത്തിൽ വന്നതോടെ വാജ്പേയി സർക്കാരിന്റെ കാലത്ത് ബി.ജെ.പിയും സംഘപരിവാറും മാറ്രിവച്ച അജൻഡകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജനസംഖ്യയിലെ അസന്തുലിതാവസ്ഥയും ചർച്ചാവിഷയമാക്കുന്നത്. മുത്തലാക്ക് ബിൽ പാസാക്കൽ, കാശ്മീരിന് പ്രത്യേകാവകാശം നൽകുന്ന 370-ാം വകുപ്പ് എടുത്തുകളയൽ, അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനുള്ള തടസം നീക്കൽ എന്നിവയ്ക്കു ശേഷമാണ് ജനസംഖ്യാ പ്രശ്നവും ഏറ്റെടുക്കുന്നത്.
ആർ.എസ്.എസിന്റെ ബുദ്ധിജീവി വിഭാഗമായ ഭാരതീയ വിചാരകേന്ദ്രമാണ് കേരളത്തിൽ ചർച്ച നടത്തുന്നത്. കേരളത്തിലെ ഹിന്ദുവളർച്ചാ നിരക്കിൽ കുറവുണ്ടാകുന്നുവെന്നാണ് ഭാരതീയ വിചാരകേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. ഇതിന്റെ ഭാഗമായുള്ള ആദ്യത്തെ ചർച്ചാ സമ്മേളനം നാളെ വൈകിട്ട് 6ന് തിരുവനന്തപുരം സംസ്കൃതി ഭവനിൽ നടക്കും. മലയാളിയും ഡൽഹിയിലെ കോളമിസ്റ്രുമായ പി.കെ.ഡി. നമ്പ്യാരാണ് പ്രഭാഷണം നടത്തുന്നത്. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് എല്ലാ വർഷവും തയ്യാറാക്കുന്ന മതപരമായ ജനസംഖ്യാ കണക്കുകൾ ഉദ്ധരിച്ചാണ് വിചാര കേന്ദ്രം പ്രചാരണം തുടങ്ങിയത്. ജനസംഖ്യ അസന്തുലിതാവസ്ഥയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളാണ് തങ്ങൾ ചർച്ച ചെയ്യുന്നതെന്ന് വിചാര കേന്ദ്രം സംഘാടകർ പറയുന്നു.