
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എൻ.സി.പി - കോൺഗ്രസ് മന്ത്രിസഭ നാളെ അധികാരമേൽക്കും. വൈകിട്ട് 6നാണ് സത്യപ്രതിജ്ഞ നടക്കുക. പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നുരാവിലെ നടന്നു. രാവിലെ എട്ടിനാണ് ഗവർണർ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങിയത്. സഭയിലെ മുതിർന്ന അംഗമായ ബി.ജെ.പിയിലെ കാളിദാസ് കൊളംബ്കർ ആണ് പ്രോട്ടേം സ്പീക്കർ. ആദ്യം പ്രോട്ടേം സ്പീക്കർ ആയി സത്യപ്രതിജ്ഞ ചെയ്ത കൊളംബ്കർ പിന്നീട് എംഎൽ.എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തി.
ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെയാണ് ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവച്ചത്. ഇതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നുറപ്പായിരുന്നു. ഇനി ത്രികക്ഷി സഖ്യം തയ്യാറാക്കുന്ന പൊതുമിനിമം പരിപാടിക്കനുസരിച്ചായിരിക്കും ഉദ്ധവ് സർക്കാർ മുന്നോട്ട് പോവുക. കോൺഗ്രസിന് 13 മന്ത്രിമാരെ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ. 15 വീതം മന്ത്രിമാർ എൻ.സി.പിക്കും ശിവസേനയ്ക്കും ഉണ്ടാവും. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അജിത് പവാർ തിരികെ വന്നെങ്കിലും ഉപമുഖ്യമന്ത്രിയാക്കാൻ സാദ്ധ്യതയില്ല. അതേസമയം അജിത് പവാറിനെ മന്ത്രിസഭയിലുൾപ്പെടുത്താൻ തയ്യാറാണെന്ന് ത്രികക്ഷി സഖ്യം നേതാക്കൾ പറയുന്നു.
തങ്ങൾക്ക് സ്പീക്കർ സ്ഥാനം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മിക്കവാറും അംഗീകരിക്കാനാണ് സാദ്ധ്യത. ഇടക്കാലത്ത് അജിത് പവാർ ബി.ജെ.പി പാളയത്തിലേക്ക് പോവുകയും ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ അതുവരെ പിൻനിരയിലായിരുന്ന കോൺഗ്രസിന്റെ റോൾ വർദ്ധിച്ചിട്ടുണ്ട്. ശിവസേന സർക്കാരിനെ പിന്തുണയ്ക്കാൻ ആദ്യം മടികാണിച്ചിരുന്ന കോൺഗ്രസ് നേതൃത്വം പിന്നീടാണ് സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയത്.
അതേസമയം ശിവസേനയുമായുള്ള സഖ്യം കോൺഗ്രസിനുള്ളിൽ ചെറിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
എന്നും കോൺഗ്രസിനോട് കൂടെയുണ്ടായിരുന്ന ന്യൂനപക്ഷം ശിവസേനയുടെ സഖ്യത്തെ എങ്ങനെ കാണുമെന്ന ആശങ്കയുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള മുസ്ലീം നേതാക്കളുടെ സംഘം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ശിവസേനയുമായി കൂടുന്നതിൽ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ മുസ്ലിംലീഗ് നേതാക്കളും സോണിയയെ കണ്ടിരുന്നു. കേരളത്തിലെ യു.ഡി.എഫിലും ഇത് എത്രത്തോളം സ്വീകാര്യമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്. എന്നാൽ ബി.ജെ.പി ഇതര സഖ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന രാഷ്ട്രീയ നിലാപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.