crime

കിഴക്കമ്പലം: മയക്കുമരുന്നു ലഹരിയിൽ ഉപദ്റവിച്ച മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് റിമാൻഡിൽ .വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മകൻ ആശുപത്രിയിൽ നിന്നും മുങ്ങി. മയക്കു മരുന്നിനടിമയായ മകന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് മകനെ വെട്ടി പരിക്കേൽപ്പിച്ചത്. എടത്തല പൂക്കാട്ടുപടി സ്വദേശി മേനാംതുരുത്ത് അലിയാരിനെ (60) എടത്തല പൊലീസ് അറസ്റ്റു ചെയ്തു. പിതാവിന്റെ അക്രമണത്തിൽ കൈയ്ക്കും മുഖത്തും പരിക്കേ​റ്റ അജാസി (30)നെ പൊലീസാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇന്നലെ രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു.

വർഷങ്ങളായി അജാസ് മയക്കുമരുന്നിനടിമയാണ്. വീട്ടിൽ മാതാപിതാക്കളെ ഉപദ്റവിക്കലും പതിവായിരുന്നു.കഴിഞ്ഞ ദിവസം മുതൽ അക്രമാസക്തനായ ഇയാളെ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയായിരുന്നു സംഭവം. ഇതിനായി പിതാവ് പൊലീസിന്റെ സഹായവും തേടിയിരുന്നു. ഇതിനിടയിൽ അജാസ് വീടു തകർത്തു. ഇന്നലെ ഉച്ചയോടെ വീണ്ടും പ്രകോപിതാനായ ഇയാൾ മാതാപിതാക്കളെ ഉപദ്റവിക്കുന്നതിനിടയിൽ പിതാവായ അലിയാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അജാസിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അജാസിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.