malayinkil

മലയിൻകീഴ്: മാറാനല്ലൂർ വില്ലേജോഫീസ് പുതിയ കെട്ടിടം നിർമ്മിച്ച് സ്മാർട്ട് വില്ലേജുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചെങ്കിലും ഉപഭോക്താക്കൾ പേടിയോടെയാണ് ഇവിടെയെത്തുന്നത്. മൂന്ന് വർഷം മുൻപ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നീക്കം ചെയ്യാതെ ഓഫീസ് പരിസരങ്ങളിൽ തന്നെ കൂടിക്കിടക്കുകയാണ്. കുന്നുകൂടിയ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇഴജന്തുക്കൾ താവളമുറപ്പിച്ചിരിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.

സ്മാർട്ടായ മാറനല്ലൂർ വില്ലേജ്ഓഫീസിന് അപമാനമായി പരിസരം മാറിയിരിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ പഴയ കെട്ടിടാവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നത് നീക്കം ചെയ്യണമെന്ന് പലവട്ടം ഓഫീസ് അധികൃതർ മേലധികാരികളെ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

അഞ്ചര പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ വില്ലേജ് ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലായിട്ട് കാലങ്ങളേറെയായി. ഓടുകൾ പൊട്ടി മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓഫീസിനുള്ളിലെ ഫയലുകൾ മിക്കതും നനഞ്ഞ് കുതിരുന്ന അവസ്ഥയിലായിരുന്നു. ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും പരാതി ശക്തമായതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. എന്നാൽ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പുതിയ കെട്ടിടത്തിന്റെ വശത്തേക്ക് ഒതുക്കി. കെട്ടിടം നിർമ്മിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും നാളിതുവരെ അവ മാറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഴയ കെട്ടിടാവശിഷ്ടങ്ങൾ ലേലം ചെയ്ത് കൊടുക്കാമെന്നിരിക്കെ ഇതുവരെ അതിനും കഴിഞ്ഞിട്ടില്ല.