palmyra-palm

നമ്മുടെ മുൻ തലമുറ ആരോഗ്യപരിപാലനത്തിനും ഔഷധനിർമ്മാണത്തിനും ആശ്രയിച്ച ഒരു ഒറ്റത്തടി വൃക്ഷമാണ് കരിമ്പന. അരിക്കേസിയ സസ്യകുടുംബത്തിൽപ്പെട്ട കരിമ്പനയുടെ ശാസ്ത്രീയനാമം ബൊറാസസ് ഫ്ളാബെല്ലി ഫോർമിസ് എന്നാണ്. ആൺപനയെന്നും പെൺ പനയെന്നും രണ്ടുതരം ഉണ്ട്. കരിമ്പനയിൽ നിന്ന് ലഭിക്കുന്ന വിശിഷ്ടമായ ഉത്പന്നങ്ങൾ ഭക്ഷണത്തിനു പുറമെ ഔഷധനിർമ്മാണത്തിനും ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്നു.

അക്കാനി : പെൺ പനയിൽ നിന്നും ആൺ പനയിൽ നിന്നും പൂങ്കുലയുടെ അറ്റം നേർമയായി ചെത്തി അതിൽ നിന്ന് ലഭിക്കുന്ന നീരിനെ ശേഖരിക്കുന്ന കുടത്തിൽ ചുണ്ണാമ്പ് തേച്ച് ലഹരിവിമുക്തമാക്കി എടുക്കുന്ന ഉത്തമപാനീയമാണ് അക്കാനി. ശരീരബലം വർദ്ധിപ്പിക്കുന്നതിനും ശരീരം തണുപ്പിക്കുന്നതിനും വാത, പിത്ത ദോഷങ്ങൾ ശമിപ്പിക്കുന്നതിനും മൂത്രതടസം, മൂത്രത്തരിപ്പ്, സ്‌ത്രീകൾക്ക് ഉണ്ടാകുന്ന അസ്ഥിസ്രാവം എന്നിവയ്ക്ക് ഉത്തമമാണ് അക്കാനി. കുട്ടികളുടെ വളർച്ചയ്ക്കും ഉത്തമമാണ്.

പനംനൊങ്ക് : ശരീരം തണുപ്പിക്കാൻ ഉത്തമമായ പനംനൊങ്ക് പനയുടെ ഇളംപരുവത്തിലുള്ള വിത്താണ്. പഴുത്ത പനംകായ് ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നു. അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് വിശേഷമായ പനംനൊങ്ക് വിറ്റാമിൻ എ, ബി, സി, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

കരിപ്പുകട്ടി: അക്കാനി കുറുക്കി കുഴമ്പു പോലെയാക്കി അച്ചിൽ ഒഴിച്ചു തണുപ്പിച്ചാൽ കരിപ്പുകട്ടി ഉണ്ടാക്കാം. കരിപ്പുകട്ടി സ്ഥിരമായി പയോഗിക്കുന്നത് രോഗപ്രതിരോധശേഷിക്ക് ഉത്തമമാണ്. ചുക്കുകാപ്പിയിൽ കരിപ്പുകട്ടി ഉപയോഗിക്കുന്നത് അതിവിശിഷ്ടമാണ്. ഇരുമ്പ് സത്ത്, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്ഷീണം, ഒച്ചയടപ്പ്, തൊണ്ടവേദന, കഫക്കെട്ട്, രക്തക്കുറവ് എന്നിവയ്ക്ക് ഉത്തമമാണ്.

പനംകൽക്കണ്ടം: ശ്വാസകോശ രോഗങ്ങൾക്കും കടുത്ത ചുമയ്ക്കും, കഫക്കെട്ടിനും ഉത്തമമാണ് അക്കാനി കുറുക്കിയെടുക്കുന്ന പനം കൽക്കണ്ടം. കുട്ടികൾക്കും പ്രായഭേദമന്യേ എല്ലാവർക്കും കൊടുക്കാവുന്ന ഊർജ്ജസ്രോതസായ ആഹാരവും ഔഷധവുമാണ്.

പനം കിഴങ്ങ് : പനങ്കായ വീണ് മുളച്ചുവരുന്ന പരുവത്തിൽ എടുക്കുന്നതാണ് പനംകിഴങ്ങ്. ഭക്ഷണയോഗ്യമായ പനംകിഴങ്ങ് വിവിധതരം പ്രോട്ടീനുകൾ, അമീനോ അമ്ളങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്. ആൺപനയുടെ കുല വിരിഞ്ഞുണ്ടാകുന്ന പനവിരൽ എന്നറിയപ്പെടുന്ന ഭാഗം മുടി വളരുന്ന തൈലങ്ങളിൽ ചേർക്കുന്നു. പന മുറിച്ച് പിളർന്ന് ഉള്ളിലെ ഇളം കാമ്പ് ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന പനനൂറ് ധാരാളം അന്നജം അടങ്ങിയ ആഹാരമാണ്. അതിസാരം, വയറുകടി എന്നിവയ്ക്ക് ഉത്തമമാണ് പനം നൂറ്.

കെ.കെ. അജയലാൽ നാടാർ

കൺസൾട്ടന്റ് ഫാർമസിസ്റ്റ്

കമ്മ്യൂണിറ്റി ഫാർമസി സർവീസസ്

ഗവൺമെന്റ് മെഡിക്കൽ കോളേജ്

തിരുവനന്തപുരം

ഫോൺ: 9961132266